പോക്‌സോ കേസുകളിലെ വിവാദ വിധി; ബോംബെ ഹൈക്കോടതി ജഡ്ജിയുടെ നിയമന കാലാവധി വെട്ടിക്കുറച്ചു
അഡീഷനല്‍ ജഡ്ജി പുഷ്പ ഗനേഡിവാലയുടെ കാലാവധിയാണ് രണ്ടുവര്‍ഷത്തില്‍നിന്ന് ഒരുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. അഡീഷനല്‍ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രിംകോടതി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, വിവാദവിധികളുടെ പശ്ചാത്തലത്തില്‍ കൊളീജിയം ശുപാര്‍ശ പിന്‍വലിച്ചു.
മുംബൈ: പോക്‌സോ കേസുകളില്‍ തുടര്‍ച്ചയായി വിവാദ വിധികള്‍ പുറപ്പെടുവിച്ച് ശ്രദ്ധേയയായ ബോംബെ ഹൈക്കോടതി ജഡ്ജിയുടെ നിയമന കാലാവധി വെട്ടിക്കുറച്ചു. അഡീഷനല്‍ ജഡ്ജി പുഷ്പ ഗനേഡിവാലയുടെ കാലാവധിയാണ് രണ്ടുവര്‍ഷത്തില്‍നിന്ന് ഒരുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. അഡീഷനല്‍ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രിംകോടതി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, വിവാദവിധികളുടെ പശ്ചാത്തലത്തില്‍ കൊളീജിയം ശുപാര്‍ശ പിന്‍വലിച്ചു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനയ മൂന്നംഗ കൊളീജിയമാണ് ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ തിരിച്ചുവിളിച്ചത്. ഫെബ്രുവരി 13ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഒരുവര്‍ഷത്തേക്ക് മാത്രമാണ് അഡീഷനല്‍ ജഡ്ജിയായി ഇവര്‍ക്ക് നിയമനം നല്‍കിയിട്ടുള്ളത്. പുഷ്പയുടെ പുതിയ കാലാവധി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സ്ഥിരജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനു മുമ്പ് രണ്ടുവര്‍ഷം അഡീഷനല്‍ ജഡ്ജിയായി നിയമിക്കാറാണ് പതിവ്.
ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി വിധികള്‍ പുറപ്പെടുവിച്ച് വിവാദത്തിലായ സാഹചര്യത്തിലാണ് ഇവര്‍ക്ക് സ്ഥിരം നിയമനം നല്‍കാനുള്ള ശിപാര്‍ശ റദ്ദാക്കാന്‍ കൊളീജിയം തീരുമാനിച്ചത്. പോക്‌സോ കേസുകളില്‍ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന ജനുവരി 19ന് പുറപ്പെടുവിച്ച വിധി പിന്നീട് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
ഈ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച പ്രതിയെ ജഡ്ജി കുറ്റവിമുക്തമാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചുകൊണ്ട് പ്രതി പാന്റ്‌സിന്റെ സിപ് തുറക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നതായിരുന്നു മറ്റൊരു വിധി. വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസിലും പ്രതിക്ക് അനുകൂലമായി ജസ്റ്റിസ് പുഷ്പ വിധി പുറപ്പെടുവിച്ചിരുന്നു.
