ജെഎന്‍യുവിലെ ആക്രമണം: ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ രാജിവച്ചു

സീനിയര്‍ വാര്‍ഡന്‍ രാമവതര്‍ മീന, റിക്രിയേഷന്‍ വാര്‍ഡന്‍ പ്രകാശ് ചന്ദ്ര സാഹു എന്നിവരാണ് ഇന്ന് രാവിലെ സര്‍വകലാശാല ഡീനിനു രാജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കു സുരക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി നല്‍കിയത്.

Update: 2020-01-06 07:14 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സബര്‍മതി ഹോസ്റ്റലിലെ വാര്‍ഡന്‍മാര്‍ രാജിവച്ചു. ഇന്നലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്നാണ് രാജിവച്ചത്. സീനിയര്‍ വാര്‍ഡന്‍ രാമവതര്‍ മീന, റിക്രിയേഷന്‍ വാര്‍ഡന്‍ പ്രകാശ് ചന്ദ്ര സാഹു എന്നിവരാണ് ഇന്ന് രാവിലെ സര്‍വകലാശാല ഡീനിനു രാജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കു സുരക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി നല്‍കിയത്. ജെഎന്‍യു കാംപസിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലന്‍ ജഗദീഷ് കുമാര്‍ രാജിവയ്ക്കണമെന്നും വിദ്യാര്‍ഥി യൂനിയന്‍ ആവശ്യപ്പെട്ടു.

ഇന്നലെ വൈകീട്ട് ഏഴോടെയാണ് ജെഎന്‍യുവില്‍ ആക്രമണം നടന്നത്. വടികളും മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തിയ ആക്രമികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചു. കാംപസിലെ വനിതാ, മിക്‌സഡ് ഹോസ്റ്റലുകളില്‍ മുഖംമൂടി ധരിച്ച അക്രമിസംഘം കടന്നുകയറി ആക്രമണം നടത്തി. ഇതിനെതിരേ പ്രതികരിക്കാന്‍ ഡല്‍ഹി പോലിസോ ജെഎന്‍യു ഭരണകൂടമോ തയ്യാറായില്ല. മൂന്നു മണിക്കൂറോളം അക്രമികള്‍ ജെഎന്‍യു കാംപസില്‍ അഴിഞ്ഞാടി. പരിക്കേറ്റവരെ കൊണ്ടുപോവുന്നതിനായെത്തിയ ആംബുലന്‍സുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി. വൈസ് ചാന്‍സലന്‍ ജഗദീഷ് കുമാര്‍ ഇതുവരെ നേരിട്ട് പരസ്യപ്രതികരണത്തിനുപോലും തയ്യാറായിട്ടില്ല.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഇക്കാര്യം അന്വേഷിക്കാന്‍ സോഷ്യല്‍ മീഡിയ, സിസിടിവി കാമറകളില്‍നിന്നുള്ള ഫുട്ടേജുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 23 വിദ്യാര്‍ഥികളെയും ഡിസ്ചാര്‍ജ് ചെയ്തു. ജെഎന്‍യുയു പ്രസിഡന്റ്് ഐഷെ ഘോഷിനെ ആക്രമിക്കുകയും അവരുടെ ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു. നിലവില്‍ കാംപസില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്, കൂടാതെ ഐഡിയുള്ള വിദ്യാര്‍ഥികളെ മാത്രമേ ഉള്ളില്‍ അനുവദിക്കുനുള്ളൂ. കാംപസിലെ അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News