ജെഎന്‍യുവില്‍ നടന്നത് പരസ്പരമുള്ള ഏറ്റുമുട്ടല്‍ മാത്രം; വിവാദ പരാമര്‍ശവുമായി ഡല്‍ഹി പോലിസ്

കാംപസിനകത്ത് ഫഌഗ് മാര്‍ച്ച് നടത്തിയെന്നും സര്‍വകലാശാലയുടെ ഉള്ളില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നുമാണ് ഈ മേഖലയുടെ ചുമതലയുള്ള സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദര്‍ ആര്യ വ്യക്തമാക്കിയത്. എല്ലാ ഹോസ്റ്റലുകളും പോലിസ് സംരക്ഷണയിലാണ്.

Update: 2020-01-05 20:43 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്നത് രണ്ടുവിഭാഗക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാണെന്നും ഇതില്‍ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവരെ ആശുപത്രിയിലെത്തിച്ചെന്നുമുള്ള ഡല്‍ഹി പോലിസിന്റെ പരാമര്‍ശം വിവാദമാവുന്നു. കാംപസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുംനേരേ മാരകായുധങ്ങളുപയോഗിച്ച് എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പരസ്പരമുള്ള ഏറ്റുമുട്ടലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പോലിസിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. കാംപസിനകത്ത് ഫഌഗ് മാര്‍ച്ച് നടത്തിയെന്നും സര്‍വകലാശാലയുടെ ഉള്ളില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നുമാണ് ഈ മേഖലയുടെ ചുമതലയുള്ള സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദര്‍ ആര്യ വ്യക്തമാക്കിയത്. എല്ലാ ഹോസ്റ്റലുകളും പോലിസ് സംരക്ഷണയിലാണ്. എല്ലാ പ്രധാനമേഖലകളിലും പോലിസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു മേഖലകളിലും അക്രമമില്ലെന്ന് പോലിസ് ഉറപ്പാക്കിയിട്ടുണ്ട്.

വൈകീട്ട് വിദ്യാര്‍ഥികള്‍ക്കിടയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. അതില്‍ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചില സാധനങ്ങള്‍ക്ക് കേടുപാടുണ്ടായി. ഇത് അറിഞ്ഞ ജെഎന്‍യു തന്നെയാണ് പോലിസിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടതെന്ന് ഡിസിപി ദേവേന്ദര്‍ ആര്യ വ്യക്തമാക്കി. സംഭവം വിവാദമായ സാഹചര്യത്തില്‍ അക്രമങ്ങളില്‍ ഡല്‍ഹി പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികള്‍ ആരായിരുന്നു എന്നതും എങ്ങനെയാണ് അക്രമം തുടങ്ങിയത് എന്നതും വെസ്‌റ്റേണ്‍ റേഞ്ച് ജോയിന്റ് ഡിസിപി ശാലിനി സിങ് അന്വേഷിക്കുമെന്ന് ഡല്‍ഹി പോലിസ് വ്യക്തമാക്കി. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ഗുണ്ടാ ആക്രമണം നടക്കുമ്പോള്‍ പോലിസ് നിഷ്‌ക്രിയരായിരുന്നുവെന്നാരോപിച്ച് ഡല്‍ഹി പോലിസ് ആസ്ഥാനം ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍നിന്ന് അടക്കമുള്ള വിദ്യാര്‍ഥികളെത്തി ഉപരോധിക്കുകയാണ്. നിരവധിപേരാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹി പോലിസ് ആസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 

Tags:    

Similar News