ജെഎന്‍യു സമരനായകന്‍ ഇനി 'ഡോക്ടര്‍ കനയ്യകുമാര്‍'

'ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍' എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്. എന്നാല്‍, സംഘപരിവാറിന്റെ വേട്ടയാടലിനെത്തുടര്‍ന്ന് പിഎച്ച്ഡി പേപ്പര്‍ സമര്‍പ്പിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ കനയ്യകുമാര്‍ അറസ്റ്റിലാവുകയും പഠനം മുടങ്ങുകയും ചെയ്തു. വ്യാഴാഴ്ച നടന്ന ഓപണ്‍ ഡിഫന്‍സില്‍ വിജയം കൈവരിച്ചതോടെയാണ് കനയ്യയ്ക്ക് ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്.

Update: 2019-02-14 18:25 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മോദി സര്‍ക്കാരിനെതിരേ വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിച്ച് ശ്രദ്ധേയനായ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. 'ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍' എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്. എന്നാല്‍, സംഘപരിവാറിന്റെ വേട്ടയാടലിനെത്തുടര്‍ന്ന് പിഎച്ച്ഡി പേപ്പര്‍ സമര്‍പ്പിക്കാന്‍ മൂന്നുമാസം മാത്രം ബാക്കിനില്‍ക്കെ കനയ്യകുമാര്‍ അറസ്റ്റിലാവുകയും പഠനം മുടങ്ങുകയും ചെയ്തു. വ്യാഴാഴ്ച നടന്ന ഓപണ്‍ ഡിഫന്‍സില്‍ വിജയം കൈവരിച്ചതോടെയാണ് കനയ്യയ്ക്ക് ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്.

2011ലാണ് കനയ്യകുമാര്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എംഫില്‍ പിഎച്ച്ഡി കോഴ്‌സിന് ചേരുന്നത്. കോഴ്‌സിനിടയിലാണ് കനയ്യകുമാര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷനാവുന്നത്. മോദി സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയും സര്‍വകലാശാലകളെ തകര്‍ക്കുന്നതിനെതിരെയും ജെഎന്‍യുവിലും പുറത്തും കനയ്യകുമാറിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. 2016 ഫെബ്രുവരിയില്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരേ നടന്ന പ്രതിഷേധയോഗത്തില്‍ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തതോടെയാണ് കനയ്യകുമാര്‍ ദേശീയശ്രദ്ധ നേടിയത്. യോഗത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നായിരുന്നു കനയ്യക്കെതിരേ പരാതി നല്‍കിയ എബിവിപിയുടെ ആരോപണം. ഇതെത്തുടര്‍ന്ന് രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്ത് കനയ്യകുമാറിനെ തിഹാര്‍ ജയിലിലടയ്ക്കുകയായിരുന്നു. എന്നാല്‍, ഈ നടപടി കേന്ദ്രസര്‍ക്കാരിനെതിരായ രാജ്യവ്യാപകപ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇന്ത്യയെമ്പാടുമുള്ള കാംപസുകളില്‍ പ്രതിഷേധസമരങ്ങളുണ്ടായി. വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാഭ്യാസവിചക്ഷണരും പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും തെരുവിലിറങ്ങിയും പ്രസ്താവനകളിലൂടെയും പിന്തുണ പ്രഖ്യാപിച്ചു.

കനയ്യക്കെതിരായ തെളിവായി എബിവിപി നല്‍കിയ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച ഫോറന്‍സിക് സംഘമായിരുന്നു വീഡിയോ പരിശോധിച്ചത്. വീഡിയോയിലെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ കനയ്യയെ കുടുക്കാന്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ കനയ്യകുമാര്‍ ജയില്‍മോചിതനായി. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്കുശേഷം ജെഎന്‍യു കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്തിയതിനെതിരേ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത് അടുത്തിടെയാണ്.

Tags: