കശ്മീരില്‍ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും രൂക്ഷം; ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു, 4,000 ഓളം വാഹനങ്ങള്‍ കുടുങ്ങി

വിവിധ സ്ഥലങ്ങളില്‍ വലിയതോതില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടിയതും കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുമാണ് ദേശീയ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിക്കാന്‍ കാരണമായത്.

Update: 2019-11-09 02:07 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും രൂക്ഷമാവുന്നു. ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. തുടച്ചയായ രണ്ടാം ദിവസമാണ് ദേശീയപാത അടയ്ക്കുന്നത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലായി നാലായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. നഗ്രോട്ട, ഉദ്ധംപൂര്‍, റമ്പാന്‍, ബനിഹാല്‍, സിദ്ധ്ര, സാംബ, കത്‌വ എന്നീ പ്രദേശങ്ങളിലായാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി എന്നീ ജില്ലകളിലെ ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗള്‍റോഡും മൂന്നാംദിവസവും അടച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ വലിയതോതില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടിയതും കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുമാണ് ദേശീയ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിക്കാന്‍ കാരണമായത്.

മഞ്ഞുവീഴ്ചയും റോഡില്‍ വഴുക്കലുള്ള അവസ്ഥയും അപകടത്തിനിടയാക്കുമെന്നതിനാല്‍ ജമ്മു, ശ്രീനഗര്‍ ഭാഗങ്ങളില്‍ ഗതാഗതം അനുവദിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടമൊഴിവാക്കാന്‍ റോഡ് യാത്ര ഒഴിവാക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കനത്ത മഞ്ഞുവീഴ്ച ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സൈനികരടക്കം ഒമ്പതുപേരാണ് മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മരണപ്പെട്ടത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും കൃഷി നശിക്കുകയും ചെയ്തിരുന്നു. കുറച്ചുദിവസംകൂടി മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 

Tags:    

Similar News