കൊവിഡ് പ്രതിസന്ധി: കശ്മീരിലെ 70 പേര്‍ക്കെതിരായ പൊതുസുരക്ഷാ നിയമം റദ്ദാക്കി; തടവുകാരുടെ മോചനത്തിന് വഴിയൊരുങ്ങി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞവര്‍ഷം വന്നശേഷം നിരവധി പേര്‍ക്കെതിരേ പൊതുസുരക്ഷാ നിയമം പ്രയോഗിച്ച് തടവിലാക്കിയിരുന്നു. ഈ നിയമപ്രകാരം ജയിലില്‍ അടച്ച 24 തടവുകാര്‍ ഇതിനകം മോചിതരായി.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 70 പേര്‍ക്കെതിരേ ചുമത്തിയിരുന്ന പൊതുസുരക്ഷാ നിയമം (പിഎസ്എ) റദ്ദാക്കി. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ തീരുമാനം. കശ്മീരിലും പുറത്തുമായി തടവില്‍ കഴിയുന്നവരുടെ മോചനത്തിന് ഇതോടെ വഴിയൊരുങ്ങും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞവര്‍ഷം വന്നശേഷം നിരവധി പേര്‍ക്കെതിരേ പൊതുസുരക്ഷാ നിയമം പ്രയോഗിച്ച് തടവിലാക്കിയിരുന്നു. ഈ നിയമപ്രകാരം ജയിലില്‍ അടച്ച 24 തടവുകാര്‍ ഇതിനകം മോചിതരായി.
ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലും ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലും തടവില്‍ കഴിഞ്ഞിരുന്ന ഇവരില്‍ അധികം പേരും രാഷ്ട്രീയത്തടവുകാരാണ്. പിഎസ്എ റദ്ദാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലും തടവില്‍ കഴിയുന്ന കശ്മീരികളെയും മോചിപ്പിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. വ്യക്തികളെ രണ്ടുവര്‍ഷംവരെ തടവില്‍ വയ്ക്കാന്‍ പോലിസിന് അധികാരം നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. പിഎസ്എയുടെ റദ്ദാക്കുന്നതിന്റെ ആനുകൂല്യം ലഭിക്കുന്ന തടവുകാരില്‍ അധികവും കശ്മീര്‍ താഴ്വരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് പിഎസ്എ ഒഴിവാക്കിയത്. പിഎസ്എ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തടവുകാരെ മോചിപ്പിക്കണമെന്ന് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമൂഹികസംഘടനാ നേതാക്കളും കേന്ദ്രസര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. തടവുകാരെ മോചിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ വി കെ സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ തടവുകാരെയും പുറത്തുനിന്നുള്ള ജയിലുകളിലെ തടവുകാരെയും വിട്ടയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
