കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

Update: 2022-04-24 14:10 GMT

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ മൂന്ന് സായുധരെ വധിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് സായുധരെ വധിച്ചത്. പ്രദേശത്ത് സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. സായുധരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ ദക്ഷിണ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

കുല്‍ഗാമില്‍ ശനിയാഴ്ച രാത്രി വൈകിയും തുടര്‍ന്ന ഏറ്റുമുട്ടലില്‍ പാകിസ്താനില്‍ നിന്നുള്ള ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകനുള്‍പ്പെടെ രണ്ടുപേരെയാണു വധിച്ചത്. രഹസ്യവിവരത്തെത്തുടര്‍ന്നു മിര്‍ഹാമ മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണു ജയ്‌ഷെ മുഹമ്മദ് അംഗമായ പാക് സായുധനെ വധിച്ചതെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു. ജമ്മു നഗരപ്രാന്തത്തിലുള്ള സുന്‍ജ്വാനിലെ കരസേനാ ക്യാംപിനു സമീപം ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന വിഫലമാക്കിയിരുന്നു. ഏറ്റുമുട്ടലില്‍ സിഐഎസ്എഫ് അസിസ്റ്റന്റ് എസ്പി പട്ടേല്‍ വീരമൃത്യു വരിച്ചതിന് പുറമേ ഒമ്പത് സുരക്ഷാ സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News