തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസ് സിബിഐ അന്വേഷിക്കണം; ഭാര്യ മുഖ്യമന്ത്രി ഹേമന്ദ് സോറനെ സന്ദര്‍ശിച്ചു

ഭര്‍ത്താവിന്റെ കേസ് സരൈകേലയിലെ ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുകയാണ്. ഈ കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ദൈനംദിന വാദം കേള്‍ക്കുന്നതിനുള്ള നടപടിയുണ്ടാവണം. കൂടാതെ സര്‍ക്കാര്‍ ജോലിയും 25 ലക്ഷം രൂപ സാമ്പത്തികസഹായവും നല്‍കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Update: 2020-08-21 10:47 GMT

റാഞ്ചി: ജയ് ശ്രീറാം വിളിക്കാത്തതിന് ജാര്‍ഖണ്ഡില്‍ തബ്രീസ് അന്‍സാരിയെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഭാര്യ ശഹിസ്ത പര്‍വീണ്‍. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ സന്ദര്‍ശിച്ചശേഷം നല്‍കിയ അപേക്ഷയിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭര്‍ത്താവിന്റെ കേസ് സരൈകേലയിലെ ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുകയാണ്. ഈ കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ദൈനംദിന വാദം കേള്‍ക്കുന്നതിനുള്ള നടപടിയുണ്ടാവണം.

കൂടാതെ സര്‍ക്കാര്‍ ജോലിയും 25 ലക്ഷം രൂപ സാമ്പത്തികസഹായവും നല്‍കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തന്റെ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി ഒരാഴ്ചത്തെ സമയം ചോദിച്ചതായി ശഹിസ്ത പര്‍വീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ആറുമാസം മുമ്പ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തന്നെ സഹോദരിയെന്ന് വിളിച്ച് അഭിസംബോധന ചെയ്യുകയും കേസില്‍ എല്ലാ പിന്തുണയും നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

ആ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സഹായവുമായി മുഖ്യമന്ത്രിയെ സമീപിച്ചതെന്നും ശഹിസ്ത പര്‍വീണ്‍ കൂട്ടിച്ചേര്‍ത്തു. 2019 ജൂണ്‍ 17ന് രാത്രിയിലാണ് സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന തബ്രീസ് അന്‍സാരിയെ ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ വൈദ്യതി പോസ്റ്റില്‍ കെട്ടിയിട്ട് ഏഴുമണിക്കൂറോളം ക്രൂരമായി തല്ലിച്ചതച്ചത്. അക്രമികള്‍തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

പോലിസ് തബ്രീസിനെ സംരക്ഷിക്കുന്നതിന് പകരം മോഷണക്കുറ്റമാരോപിച്ച് ജയിലില്‍ അടയ്ക്കാനാണ് ശ്രമിച്ചത്. അഞ്ചുദിവസത്തിന് ശേഷം ജൂണ്‍ 22ന് പോലിസ് കസ്റ്റഡിയിലിരിക്കെ അദ്ദേഹം ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. തബ്രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസിലെ 13 പ്രതികളില്‍ ഏഴുപേര്‍ക്ക് റാഞ്ചി ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു റിപോര്‍ട്ടുകള്‍.  

Tags:    

Similar News