തീവ്രഹിന്ദുത്വസംഘടനകളുടെ സമ്മര്‍ദം: ബംഗളൂരുവില്‍ യേശു പ്രതിമയും കുരിശുകളും പൊളിച്ചുമാറ്റി

പ്രദേശവാസികളെ പുരോഹിതര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഗ്രാമത്തിലെ ക്രൈസ്തവര്‍ക്കെതിരേ തീവ്രഹിന്ദുത്വസംഘടനകളായ ബജ്‌റംഗ്ദളിന്റെയും ഹിന്ദുരക്ഷാ വേദിക്കിന്റെയും പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു.

Update: 2020-03-05 02:01 GMT

ബംഗളൂരു: തീവ്രഹിന്ദുത്വസംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ ക്രൈസ്തവ വിശ്വാസികള്‍ ആരാധന നടത്തിക്കൊണ്ടിരുന്ന യേശുവിന്റെ പ്രതിമയും 14 കുരിശുകളും അധികാരികള്‍ പൊളിച്ചുമാറ്റി. ബംഗളൂരു നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ദേവനഹള്ളി താലൂക്കില്‍പെട്ട ദൊഡ്ഡസാഗരഹള്ളി വില്ലേജിലെ മഹിമ ബെട്ടയില്‍ തിങ്കളാഴ്ചയാണ് സംഭവം. 20 വര്‍ഷമായി ക്രൈസ്തവ വിശ്വാസികള്‍ ആരാധിച്ചിരുന്ന 12 അടി ഉയരമുള്ള യേശുവിന്റെ പ്രതിമയും 14 കല്‍കുരിശുകളുമാണ് തകര്‍ത്തത്. ക്രൈസ്തവവിശ്വാസികള്‍ക്ക് ആരാധനയ്ക്കും സെമിത്തേരിക്കുമായി കര്‍ണാടക സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയതാണ് നാലരയേക്കര്‍ സ്ഥലം.

ബംഗളൂരു അതിരൂപതയിലെ കത്തോലിക്ക പുരോഹിതരുടെ നേതൃത്വത്തില്‍ കുര്‍ബാനയും ഈസ്റ്റര്‍ നോമ്പുകാലത്ത് കുരിശിന്റെ വഴി തുടങ്ങിയ ആരാധനകളും നടത്തിയിരുന്നു. എന്നാല്‍, പ്രദേശവാസികളെ പുരോഹിതര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഗ്രാമത്തിലെ ക്രൈസ്തവര്‍ക്കെതിരേ തീവ്രഹിന്ദുത്വസംഘടനകളായ ബജ്‌റംഗ്ദളിന്റെയും ഹിന്ദുരക്ഷാ വേദിക്കിന്റെയും പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. നിയമവിരുദ്ധമായാണ് ആരാധനാലയും നിര്‍മിച്ചിരിക്കുന്നതെന്നും മലയിലെ യേശുവിന്റെ പ്രതിമ പൊളിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധപ്രകടനവും നടത്തി. തുടര്‍ന്നാണ് അധികാരികള്‍ പ്രതിമയും കുരിശുകളും മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കിയത്.

എന്നാല്‍, സെമിത്തേരിയും പ്രാര്‍ത്ഥനാ കേന്ദ്രവും ഉള്‍പ്പെടുന്ന സെന്റ് ജോസഫ് ചര്‍ച്ചിന്റെ അധികാരികള്‍ ഹിന്ദുത്വസംഘടനകളുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ആറുവര്‍ഷം മുമ്പ് അന്നത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് തങ്ങള്‍ പ്രാര്‍ഥന നടത്തിവന്നിരുന്നതെന്ന് പുരോഗിതന്‍ ഫാ. മാത്യു കൊട്ടയില്‍ ദി ടെലിഗ്രാഫിനോട് പറഞ്ഞു. ഞങ്ങള്‍ ജനങ്ങളെ മതപരിവര്‍ത്തനം ചെയ്തുവെന്ന് പറയുന്നത് ശരിയല്ല. കത്തോലിക്കാ കുടുംബങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കായി ഇവിടെയെത്തുന്നവര്‍ക്കും മാത്രമാണ് ഞങ്ങള്‍ പരിചരണം നല്‍കാറുള്ളത്. പ്രദേശവാസികള്‍ എല്ലായ്‌പ്പോഴും ഞങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.

അവര്‍ ഞങ്ങളുടെ മതകാര്യങ്ങളില്‍ ഒരിക്കലും ഇടപെടാറില്ല. അതുകൊണ്ടുതന്നെ പ്രതിഷേധക്കാര്‍ ഈ സ്ഥലത്തിന് പുറത്തുനിന്നുള്ളവരാണെന്നാണ് കരുതുന്നത്. പ്രതിമയും കുരിശുകളും പൊളിച്ചുമാറ്റുമ്പോള്‍ തങ്ങളെ അവിടേക്ക് പോവാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ പടുത്തുയര്‍ത്തിയതെല്ലാം അവര്‍ തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരികെലഭിക്കുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ആരുമായും തങ്ങള്‍ക്ക് ഏറ്റുമുട്ടാല്‍ താല്‍പര്യമില്ല. അതുകൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും.

പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കിയ ദേവനഹള്ളി തഹസില്‍ദാര്‍ അജിത് കുമാര്‍ റായിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും മാത്യു കോട്ടയില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയെന്നാണ് ബംഗളൂരുവിലെ അതിരൂപത പീറ്റര്‍ മച്ചാഡോ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കട്ടെ.

ചില സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി ക്രിസ്ത്യാനികളുടെ മതപരമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും അനാവശ്യമായി ഇടപെടുന്നത് സര്‍ക്കാരിനും പ്രാദേശിക അധികാരികള്‍ക്കും യോജിച്ചതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതേസമയം, ഭൂമി കൈയേറിയാണ് പള്ളി നിര്‍മിച്ചിരിക്കുന്നതെന്ന് ബജ്‌റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ സൂര്യനാരായണ റാവു ആരോപിച്ചു. അവര്‍ പ്രാദേശിക ഹിന്ദുക്കളെ പോലും മതംമാറ്റുകയാണെന്നും റാവു ടെലിഗ്രാഫിനോട് പറഞ്ഞു.

Tags: