ബാനു മുഷ്താഖ് മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ജെഡിഎസ്
ബംഗളൂരു: ബുക്കര്‍സമ്മാന ജേതാവ് ബാനു മുഷ്താഖ് മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ്. ചാമുണ്ഡേശ്വരിദേവിയില്‍ വിശ്വാസമില്ലാത്തയാള്‍ എന്ന് ചൂണ്ടിക്കാട്ടി ബാനു മുഷ്താഖ് ദസറ ഉദ്ഘാടനംചെയ്യുന്നതിന് ബിജെപി എതിര്‍ക്കുമ്പോഴാണ് ജെഡിഎസ് ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
ദസറ ഉദ്ഘാടനംചെയ്യുന്നതിനായി സര്‍ക്കാര്‍ ബാനു മുഷ്താഖിനെ ക്ഷണിച്ചതില്‍ എതിര്‍പ്പില്ല. എന്നാല്‍, ക്ഷേത്രങ്ങള്‍ ഹിന്ദുക്കളുടെമാത്രം സ്വത്തല്ലെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് കുമാരസ്വാമി പറഞ്ഞു. ചില വിഷയങ്ങളില്‍ ബാനു മുഷ്താഖിന്റെ നിലപാടിന് എതിരാണെന്നും എന്നാല്‍, ദസറവിഷയത്തില്‍ എതിര്‍പ്പില്ലെന്നും ജെഡിഎസ് യുവജനവിഭാഗം നേതാവ് നിഖില്‍ കുമാരസ്വാമിയും വ്യക്തമാക്കി.
ചാമുണ്ഡേശ്വരി ദേവിയുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങാണ് ദസറയെന്നും ഇതില്‍ വിശ്വാസിയല്ലാത്ത ഒരാള്‍ ഉദ്ഘാടകയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബിജെപി നിലപാട്. എന്നാല്‍, ദസറ ഒരു സാംസ്‌കാരികോത്സവമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.