ഡ്രോൺ ആക്രമണം: രാജ്‌നാഥ് സിങ്, അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ജമ്മുവിലെ ഇന്ത്യൻ വ്യോമസേനയുടെ എയർപോർട്ടിൽ നടന്ന ഡ്രോൺ ആക്രമത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Update: 2021-06-29 18:11 GMT

ഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. രാജ്യത്തെ പ്രതിരോധ രംഗത്തെ 'ഭാവി വെല്ലുവിളികളെ'ക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത്. ഇന്ത്യൻ സേനയെ ആധുനിക ഉപകരണങ്ങൾ കൊണ്ട് സജ്ജമാക്കുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.

ജമ്മുവിലെ ഇന്ത്യൻ വ്യോമസേനയുടെ എയർപോർട്ടിൽ നടന്ന ഡ്രോൺ ആക്രമത്തിന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തെ പുതിയ സുരക്ഷാ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് യോഗം.

ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണത്തിന് ശേഷം ചെവ്വാഴ്ച രാവിലെയും ജമ്മുവിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിൽ സൈനിക താവളത്തിനു സമീപം ഇന്നു പുലർച്ചെ രത്നുചക്-കുഞ്ചവാനി പ്രദേശത്ത് മൂന്നു തവണയാണ് ഡ്രോൺ കണ്ടത്. എന്നാൽ ഇതു സംബന്ധിച്ച് സൈനിക ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചില്ല.