സ്വാതന്ത്ര്യം കിട്ടി 74 വര്‍ഷത്തെ കാത്തിരിപ്പ്; കശ്മീരിലെ മാച്ചില്‍ ഗ്രാമത്തില്‍ ഒടുവില്‍ വൈദ്യുതിയെത്തി

ഇതുവരെ മാച്ചില്‍ സെക്ടറിലെ ഗ്രാമങ്ങളിലേക്ക് ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതിയെത്തിച്ചിരുന്നത്. ഇതുപ്രകാരം എല്ലാ ദിവസവും മൂന്നുമണിക്കൂര്‍ മാത്രമാണ് ഇവിടെ വൈദ്യുതി ലഭിച്ചിരുന്നത്. ഡീസല്‍ ജനറേറ്റര്‍ വഴിയുള്ള വൈദ്യുതിക്ക് ഡീസല്‍ ലഭ്യത, വിതരണം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടായിരുന്നു.

Update: 2020-08-27 11:31 GMT

ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 74 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വൈദ്യുതിയെത്തിയ ഒരു ഗ്രാമം. അവിശ്വസനീയമായി തോന്നാമെങ്കിലും കശ്മീര്‍ കുപ്‌വാര ജില്ലയിലെ മാച്ചില്‍ ഗ്രാമത്തില്‍ വൈദ്യുതി ലഭിച്ചത് ഇപ്പോഴാണ്. ഇന്ത്യ- പാകിസ്താന്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മറ്റൊരു അതിര്‍ത്തി ഗ്രാമമായ കേരനില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വൈദ്യുതിയെത്തിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് മാച്ചിലിലും വൈദ്യുതിയെത്തിയത്.

ഇതുവരെ മാച്ചില്‍ സെക്ടറിലെ ഗ്രാമങ്ങളിലേക്ക് ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതിയെത്തിച്ചിരുന്നത്. ഇതുപ്രകാരം എല്ലാ ദിവസവും മൂന്നുമണിക്കൂര്‍ മാത്രമാണ് ഇവിടെ വൈദ്യുതി ലഭിച്ചിരുന്നത്. ഡീസല്‍ ജനറേറ്റര്‍ വഴിയുള്ള വൈദ്യുതിക്ക് ഡീസല്‍ ലഭ്യത, വിതരണം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ജനറേറ്ററിനു പകരം ഗ്രിഡുകള്‍ ഉപയോഗിക്കുന്നതോടെ പ്രദേശത്ത് 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലേക്കും ദുര്‍ഘടമായ മേഖലകളിലും ഉടന്‍ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലിനെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. ഒരുവര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും അവിടെ താമസിക്കുന്നവര്‍ക്ക് ഇത് വളരെയധികം ആശ്വാസകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് ഗ്രാമങ്ങള്‍ക്ക് വൈദ്യുതി നല്‍കിയാണ് ഞങ്ങള്‍ ദൗത്യം ആരംഭിച്ചത്.

അടുത്ത 20 ദിവസത്തിനുള്ളില്‍ ബാക്കിയുള്ള എല്ലാ ഗ്രാമങ്ങള്‍ക്കും ഗ്രിഡ് വഴി 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് കുപ്‌വാര ജില്ലാ കലക്ടര്‍ അന്‍ഷുല്‍ ഗാര്‍ഗ് പറഞ്ഞു. ഗ്രാമത്തില്‍ ഒമ്പത് പഞ്ചായത്തുകളിലായി 25,000 പേരാണ് താമസിക്കുന്നത്. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പ്രദേശമായതിനാല്‍ നുഴഞ്ഞുകയറ്റമടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടാണ് ഗ്രാമവാസികള്‍ കഴിയുന്നത്. നിരവധി ഷെല്ലാക്രമണങ്ങള്‍ക്കും ഇവിടം സാക്ഷിയാവാറുണ്ട്.  

Tags: