ഇന്ത്യന്‍ മുസ് ലിമിന് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാവാന്‍ കഴിയില്ല, മുസ് ലിംങ്ങള്‍ വിവേചനം നേരിടുന്നു: മൗലാന അര്‍ഷാദ് മദനി

Update: 2025-11-23 08:46 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിംങ്ങള്‍ വിവേചനം നേരിടുന്നുവെന്നും അവര്‍ നിസ്സാഹായരായിരിക്കുന്നുവെന്നും ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി. ഡല്‍ഹി സ്‌ഫോടനക്കേസിനെ തുടര്‍ന്നുണ്ടായ നടപടികളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ കസ്റ്റഡിയിലാണ്. അദ്ദേഹം എത്രകാലം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് അറിയില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഒരു സമുദായത്തിനെതിരേ തുടരുന്ന വിവേചനമാവരുത് അത്. മുസ് ലിങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്നു-മദനി വ്യക്തമാക്കി.

ഒരു മുസ് ലിമായ മംദാനിക്ക് ന്യൂയോര്‍ക്ക് മേയറാകാം. ഒരു സിദ്ദിഖ് ഖാന് ലണ്ടന്‍ മേയറാകാം. എന്നാല്‍ ഇന്ത്യയില്‍ ഒരു മുസ് ലിമിന് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ കഴിയില്ല. അങ്ങിനെ വന്നാല്‍ അസം ഖാനെ പോലെ ജയിലില്‍ ആവും. മുസ് ലിങ്ങളുടെ കാലിന് താഴെയുള്ള മണ്ണ് വഴുതിപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മദനി പറഞ്ഞു. അല്‍ ഫലാഹുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടത്. അമേരിക്ക മികച്ചതാണെന്നും അവിടെ വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. മദനിയുടെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി.




Tags: