ബെംഗളൂരുവില്‍ ഐടി ജീവനക്കാരായ ദമ്പതികള്‍ മരിച്ച നിലയില്‍

Update: 2026-03-31 11:34 GMT

ബെംഗളൂരു: ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിക്കുന്ന ഐടി ജീവനക്കാരായ തെലങ്കാന സിദ്ദിപേട്ട് സ്വദേശി ഭാനു ചന്ദര്‍ റെഡ്ഡി(32), ഭാര്യ ബീബി ഷാസിയ സിറാജ്(31) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭാനു റെഡ്ഡിയും ഐബിഎമ്മിലെ ജീവനക്കാരിയായ ബീബി ഷാസിയയും ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച ബീബി ഷാസിയ അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഏറെനേരം വാതിലില്‍ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ യുവതി സെക്യൂരിറ്റി ജീവനക്കാരെയും അയല്‍ക്കാരെയും വിവരമറിയിച്ചു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഭാനു റെഡ്ഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടതിന് തൊട്ടുപിന്നാലെയാണ് ബീബി ഷാസിയയും ജീവനൊടുക്കിയത്. അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയില്‍നിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലിസ് പറഞ്ഞു.