ഇതാണോ അന്വേഷണാത്മക പത്രപ്രവർത്തനം; റിപബ്ലിക്ക് ടിവിക്കെതിരേ ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഒരു മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഒരു മാധ്യമത്തിന് എങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നെന്നും അതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ആരാഞ്ഞു.

Update: 2020-10-22 13:18 GMT

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള റിപബ്ലിക്ക് ടിവിയുടെ റിപോർ‌ട്ടിങ്ങിനെതിരേ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. അന്വേഷണത്തെ കുറിച്ച് മുൻവിധിയുണ്ടാക്കി അറസ്റ്റുകളെക്കുറിച്ച് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതാണോ അന്വേഷണാത്മക പത്രപ്രവർത്തനമെന്ന് കോടതി ചോദിച്ചു.

ചീഫ് ജസ്റ്റീസായ ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജിഎസ് കുല്‍ക്കര്‍ണി എന്നിവരാണ് ഹരജി പരിഗണിച്ചത്. സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ കാംപയിന്‍ സംഘടിപ്പിച്ച നടപടി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു.

റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യുക എന്ന കാംപയിന്‍ എങ്ങനെയാണ് വാര്‍ത്തയാകുന്നത്. ഒരു മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഒരു മാധ്യമത്തിന് എങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നെന്നും അതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ആരാഞ്ഞു. മരിച്ചയാളെ നിരന്തരം വേട്ടയാടുകയും ഒരു സ്ത്രീയെ അവളുടെ അവകാശങ്ങള്‍ പോലും പരിഗണിക്കാതെയാണ് പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയതെന്നും അവരെ ചിത്രീകരിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.