ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ വിലക്കില്‍ ഇന്ത്യയ്ക്ക് ഇളവ് നല്‍കി ഇറാന്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ ഇന്ത്യയ്ക്ക് ആശ്വാസ വാക്കുകളുമായി ഇറാന്‍. ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഈ സുപ്രധാന പാതയില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.
'ഇന്ത്യന്‍ സുഹൃത്തുക്കള്‍ സുരക്ഷിതമായ കൈകളിലാണ്, ഒട്ടും പേടിക്കേണ്ടതില്ല,' എന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ലോകത്തിലെ ആകെ ഊര്‍ജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഇറാന്റെ കൈവശമാണ്. കഴിഞ്ഞ മാസം സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഹോര്‍മുസ് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വളരെ കുറച്ച് കപ്പലുകളെ മാത്രമേ നിലവില്‍ ഇത് വഴി കടത്തിവിടുന്നുള്ളൂ. എന്നാല്‍ ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാന്‍ തുടങ്ങിയ 'സൗഹൃദ രാജ്യങ്ങള്‍ക്ക്' തടസ്സമില്ലാതെ കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ അറിയിച്ചു.
മാര്‍ച്ച് 30-ന് നടന്ന അന്തര്‍ മന്ത്രാലയ വിശദീകരണത്തില്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ നിലവിലെ സാഹചര്യം വിശദീകരിച്ചു. ഇന്ത്യയ്ക്കായി ഊര്‍ജ്ജ ശേഖരവുമായി വരുന്ന 10 വിദേശ കപ്പലുകള്‍ നിലവില്‍ കടലിടുക്കില്‍ കുടുങ്ങിയിട്ടുണ്ട്. ഇതില്‍ 3 എല്‍.പി.ജി കപ്പലുകളും, 4 അസംസ്‌കൃത എണ്ണ ടാങ്കറുകളും, 3 എല്‍.എന്‍.ജി കപ്പലുകളും ഉള്‍പ്പെടുന്നു. കൂടാതെ, ഇന്ത്യന്‍ പതാക ഘടിപ്പിച്ച നാല് അസംസ്‌കൃത എണ്ണ ടാങ്കറുകളും മൂന്ന് എല്‍.പി.ജി ടാങ്കറുകളും പുറത്തുകടക്കാനുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഏകദേശം 500-ഓളം കപ്പലുകളാണ് ഹോര്‍മുസിലെ ഇടുങ്ങിയ പാതയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ധന വിതരണം സുഗമമാക്കാന്‍ ഇന്ത്യ നയതന്ത്ര തലത്തില്‍ ശക്തമായ നീക്കങ്ങള്‍ തുടരുകയാണ്.
ഒമാനും ഇറാനും ഇടയിലുള്ള ഇടുങ്ങിയ ഈ പാതയിലൂടെയാണ് ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെത്താനുള്ള ഏക വഴിയാണിത്. അതിനാല്‍ തന്നെ, ഹോര്‍മുസിലെ നേരിയ ചലനം പോലും ആഗോള ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവിനും എല്‍പിജി പ്രതിസന്ധിക്കും കാരണമായി.
