കര്‍ഷകപ്രക്ഷോഭം: ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ടുദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

കര്‍ഷകപ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടുദിവസത്തേയ്ക്ക് വിച്ഛേദിച്ചത്. 29ന് രാത്രി 11 മുതല്‍ 31ന് രാത്രി 11 വരെ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2021-01-30 10:55 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. കര്‍ഷകപ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടുദിവസത്തേയ്ക്ക് വിച്ഛേദിച്ചത്. 29ന് രാത്രി 11 മുതല്‍ 31ന് രാത്രി 11 വരെ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലും ദേശീയ തലസ്ഥാനത്തെ സമീപപ്രദേശങ്ങളിലും ജനുവരി 29 ന് രാത്രി 11 മുതല്‍ ജനുവരി 31 ന് 11 മണി വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. ഹരിയാന സര്‍ക്കാര്‍ 17 ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വെള്ളിയാഴ്ച വൈകീട്ട് 5 വരെ നിര്‍ത്തിവച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷകരുടെ പ്രക്ഷോഭം കൂടുതല്‍ തലങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാനും സോഷ്യല്‍ മീഡിയ വഴിയുള്ള പിന്തുണ കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുമാണ് പുതിയ നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ അടിച്ചമര്‍ത്താന്‍ പോലിസ് നീക്കം നടത്തിയിരുന്നു. ഇതിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി- യുപി അതിര്‍ത്തിയിലുള്ള ഗാസിപൂരില്‍നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിന്റെ ചുവടുപിടിച്ച് പ്രദേശത്തുനിന്ന് കര്‍ഷകര്‍ പിരിഞ്ഞുപോവണമെന്നാവശ്യപ്പെട്ട് നാട്ടുകാരെന്ന് അവകാശപ്പെട്ട് ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

Tags:    

Similar News