രാജ്യത്തെ അസംഘടിത തൊഴിലാളികളിൽ മൂന്നിലൊന്നും പട്ടിണിയിലെന്ന് പഠനം
ഫെബ്രുവരിയിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ അഹമ്മദാബാദിൽ തൊഴിലാളികളുടെ വരുമാനത്തിൽ 95 ശതമാനം ഇടിവുണ്ടായി.
ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്ന്, ദേശീയ തലസ്ഥാനത്തെ അസംഘടിത തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ അപേക്ഷിച്ച് ഏപ്രിലിൽ വരുമാനത്തിൽ 20 ശതമാനമെങ്കിലും ഇടിവുണ്ടായതായി വിമൻ ഇൻ ഇൻഫോമൽ എംപ്ലോയിസ്; ഗ്ലോബലൈസേഷൻ ആൻഡ് ഓർഗനൈസേഷൻ എന്ന അന്താരാഷ്ട്ര എൻജിഒയുടെ പഠനം.
ലോകമെമ്പാടും ഈ വിഷയത്തിൽ ഇന്ത്യയിലെ ഡൽഹി, അഹമ്മദാബാദ്, തിരുപ്പൂർ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. അഹമ്മദാബാദിലും ഡൽഹിയിലും മൂന്നിലൊന്ന് തൊഴിലാളികൾ തങ്ങളുടെ വീടുകളിൽ പട്ടിണി കിടക്കുന്നതായി റിപോർട്ട് ചെയ്തു. ഈ മൂന്ന് ഇന്ത്യൻ നഗരങ്ങളിലും ഭക്ഷണ ചിലവ് താരതമ്യേന ഉയർന്നതാണെന്നും പഠനത്തിൽ പറയുന്നു.
അഹമ്മദാബാദിൽ 97 ശതമാനം വീട്ടുജോലിക്കാരും 92 ശതമാനം വീട്ടിൽ നിന്ന് തൊഴിലെടുക്കുന്നവരും 96 ശതമാനം തെരുവ് കച്ചവടക്കാരും 98 ശതമാനം മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾക്കും കൊവിഡ് നിയന്ത്രണങ്ങളുടെ സമയത്ത് വരുമാനം പൂജ്യമാണെന്നാണ് റിപോർട്ട്. ഫെബ്രുവരിയിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ അഹമ്മദാബാദിൽ തൊഴിലാളികളുടെ വരുമാനത്തിൽ 95 ശതമാനം ഇടിവുണ്ടായി.
ലോക്ക്ഡൗണിനുശേഷം, തിരുപ്പൂരിൽ അഭിമുഖം നടത്തിയ തൊഴിലാളികളിൽ പകുതിയിലധികം പേരും തങ്ങളുടെ കുടുംബാംഗങ്ങൾ പട്ടിണിയിലാണെന്ന് പറഞ്ഞു. ലോകമെമ്പാടുമുള്ള തൊഴിലാളികളിൽ നിന്നുള്ള പ്രതികരണങ്ങളിൽ, വരുമാനത്തിൽ കുറവും സർക്കാർ പിന്തുണയുടെ അഭാവവും മൂലം, തൊഴിലാളികൾ സാമ്പത്തികമായി പിന്നോട്ട് പോവുകയാണെന്ന് കൂടുതൽ പേർ അഭിപ്രായപ്പെട്ടു. വാടക, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ബില്ലുകൾ അടയ്ക്കുന്നതിനാണ് അവരുടെ സമ്പാദ്യം ചെലവഴിച്ചതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
