ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരുകളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയും നര്‍ഗീസ് ദത്തും പുറത്ത്

Update: 2024-02-13 17:01 GMT

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കാന്‍ തീരുമാനം. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ ഇനി ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്‌കാരമായിരുന്നു നര്‍ഗീസ് ദത്തിന്റെ പേരില്‍ സമ്മാനിച്ചിരുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടേതാണ് തീരുമാനം.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായാണ് വാര്‍ത്താവിതരണ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയിലാണ് പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. 70ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങള്‍ വ്യക്തമാക്കിയത്.

ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തുകയിലും ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നവാഗത സംവിധായകനുള്ള പുരസ്‌കാര തുക നേരത്തേ സംവിധായകനും നിര്‍മാതാവും പങ്കിടുന്ന പതിവായിരുന്നു. ഇനി മുതല്‍ സംവിധായകന് മാത്രമാകും തുക ലഭിക്കുക. സിനിമാരംഗത്ത് നല്‍കുന്ന പരമോന്നത പുസ്‌കാരമായ ബാബാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷത്തില്‍നിന്ന് 15 ലക്ഷമായി ഉയര്‍ത്തി. മികച്ച സംവിധായകന്‍, ചലച്ചിത്രം എന്നിവയ്ക്കു നല്‍കുന്ന സ്വര്‍ണകമലം പുരസ്‌കാരത്തുക എല്ലാവിഭാഗത്തിലും 3 ലക്ഷം രൂപയാക്കി. രജതകമലം പുരസ്‌കാരങ്ങള്‍ക്ക് 2 ലക്ഷം രൂപയുമാക്കിയിട്ടുണ്ട്.





Tags: