ഇന്‍ഡിഗോ വിമാന സര്‍വീസുകളില്‍ നിയന്ത്രണം: 130 വിമാനങ്ങള്‍ റദ്ദാക്കി; കൂടുതലും ബെംഗളൂരുവില്‍

Update: 2025-12-29 08:36 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും നിര്‍ദേശപ്രകാരം ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഇന്‍ഡിഗോ നിയന്ത്രണം ഏര്‍പ്പെടുത്തി. ദിവസേനയുള്ള സര്‍വീസുകളില്‍ 10 ശതമാനം കുറവ് വരുത്താനാണ് നിര്‍ദേശം. ഇതുപ്രകാരം 94 റൂട്ടുകളിലായി ഏകദേശം 130 വിമാനങ്ങള്‍ ഇന്‍ഡിഗോ റദ്ദാക്കി.

എന്നാല്‍, യാത്രക്കാര്‍ ഏറെയുള്ള തിരക്കേറിയ റൂട്ടുകളെ ഈ തീരുമാനം കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ വിമാനത്താവളങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ പഴയപടി തുടരും. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ബെംഗളൂരു, മുംബൈ-ബെംഗളൂരു തുടങ്ങിയ അതീവ തിരക്കേറിയ റൂട്ടുകളില്‍ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ല. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് ഈ തീരുമാനം.

സര്‍വീസുകള്‍ വെട്ടിക്കുറച്ചതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ബെംഗളൂരു വിമാനത്താവളത്തെയാണ്. ഇവിടെ നിന്ന് ഏകദേശം 52 സര്‍വീസുകള്‍ (26 വീതം പുറപ്പെടലും എത്തുക്കലും) റദ്ദാക്കി. ഹൈദരാബാദ് (34), ചെന്നൈ (32), കൊല്‍ക്കത്ത, അഹമ്മദാബാദ് (22 വീതം) എന്നിവിടങ്ങളിലും സര്‍വീസുകള്‍ കുറച്ചിട്ടുണ്ട്.

ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള സര്‍വീസുകളില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്കുള്ള പ്രധാന സര്‍വീസുകളെ ഈ നിയന്ത്രണം വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇന്‍ഡിഗോയുടെ രാജ്യാന്തര സര്‍വീസുകളെ ഡിജിസിഎയുടെ ഈ ഉത്തരവ് ബാധിക്കില്ല. നിലവിലുള്ള 300-ഓളം അന്താരാഷ്ട്ര വിമാനങ്ങള്‍ തടസമില്ലാതെ സര്‍വീസ് തുടരും.

വിമാന ജീവനക്കാരുടെ കുറവും പുതിയ ഡ്യൂട്ടി സമയ നിയമങ്ങളും മൂലമുണ്ടായ പ്രതിസന്ധികളെത്തുടര്‍ന്നാണ് സര്‍വീസുകള്‍ പുനക്രമീകരിക്കാന്‍ ഡിജിസിഎ നിര്‍ദേശിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകദേശം 2,200 പ്രതിദിന വിമാന സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. നേരത്തെ 2,300-ലധികം പ്രതിദിന വിമാന സര്‍വീസുകള്‍ നടത്തിയിരുന്നതിനേക്കാള്‍ ഇത് അല്പം കുറവാണ്. മാര്‍ച്ചില്‍ ശീതകാല ഷെഡ്യൂള്‍ അവസാനിക്കുന്നത് വരെ ഈ ക്രമീകരണം തുടരാനാണ് സാധ്യത.



Tags: