2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം; ജിസാറ്റ്- 30 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിലെത്തിച്ചത്.

Update: 2020-01-17 01:00 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്- 30 വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിലെത്തിച്ചത്. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജിസാറ്റ്- 30. വിക്ഷേപണത്തിന് 38 മിനിറ്റിനുശേഷം ജിയോസിന്‍ക്രൊണസ് ഭ്രമണപഥത്തില്‍ ജിസാറ്റ് 30 വിജയകരമായി സ്ഥാപിച്ചു.

2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ്- 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ്- 30 വിക്ഷേപിക്കുന്നത്. ഡിടിഎച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിങ്കിങ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ് 30 വിക്ഷേപണം. ഇന്ത്യന്‍ പ്രധാന ഭൂപ്രദേശങ്ങളുടെയും ദ്വീപുകളുടെയും ചിത്രങ്ങളും ഗള്‍ഫ് രാജ്യങ്ങള്‍, ധാരാളം ഏഷ്യന്‍ രാജ്യങ്ങള്‍, ആസ്‌ത്രേലിയ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ കവറേജും നല്‍കും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന 24ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ്- 30. 

Tags:    

Similar News