ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഇന്ന് അവസാന മല്‍സരം, എതിരാളികള്‍ ശ്രീലങ്ക
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായില്‍ രാത്രി എട്ട് മണിക്കാണ് മല്‍സരം. ഏഷ്യാ കപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ടീം ഫൈനല്‍ ഉറപ്പിച്ചതെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങിന് ഇറക്കാതിരുന്നതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഞ്ജു സാംസണ് ബാറ്റിങില്‍ സ്ഥാനക്കയറ്റം ലഭിക്കുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് നഷ്ടമായിട്ടും ഡഗ് ഔട്ടിലിരിക്കേണ്ടി വന്ന സഞ്ജുവിന് പകരം ക്രീസിലെത്തിയവര്‍ അമ്പേ പരാജയമായിരുന്നു.
സഞ്ജുവിനെ ഇന്ന് വീണ്ടും വണ്‍ഡൗണില്‍ ഇറക്കുമെന്നാണ് സൂചന. ഒമാനെതിരായ മല്‍സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അര്‍ധ സെഞ്ചുറി നേടി തിളങ്ങിയിരുന്നു. ഫൈനലിന് മുന്‍പുള്ള മല്‍സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു ഓപ്പണിങില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്.
എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ മികച്ച ബാറ്റിങ് റെക്കോര്‍ഡ് സഞ്ജുവിനില്ല. ലങ്കയ്‌ക്കെതിരെ കളിച്ച 9 ട്വന്റി-20 മല്‍സരങ്ങളില്‍ 102 റണ്‍സ് മാത്രമാണ് സമ്പാദ്യം. സഞ്ജുവിന് വിശ്രമം നല്‍കി ജിതേഷ് ശര്‍മക്ക് ഇന്ന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കുമോ എന്നും കണ്ടറിയണം . ഇതുവരെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന റിങ്കു സിംഗിനും ഇന്ന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. ജസ്പ്രീത് ബുമ്രക്ക് പകരം അര്‍ഷദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ഹര്‍ഷിത് റാണയും പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയും മുന്നിലുണ്ട്.
