ഉജ്ജയിന്‍: ഇന്ത്യന്‍ യുവാവ് കാനഡയില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള 25കാരനാണ് മാര്‍ച്ച് പതിനാലിന് കൊല്ലപ്പെട്ടത്. ചില സാമൂഹ്യവിരുദ്ധര്‍ തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ട്. കാനഡയിലെ സെന്റ് ജോണ്‍ സിറ്റിയില്‍ താമസിക്കുകയായിരുന്ന ഗുര്‍കിരാത് സിങ് മനോചയാണ് കൊല്ലപ്പെട്ടത്. ഉജ്ജയിനിയിലെ പര്‍ശ്വന്ത് സ്വദേശിയാണ്.
ഒന്നരവര്‍ഷം മുമ്പ് മകന്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് കാനഡയിലേക്ക് പോയതെന്ന് പിതാവ് ഗുര്‍ജിത് സിങ് പറഞ്ഞു. എത്രയും വേഗം മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് മകനുമായി അവസാനമായി ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന് ആരുമായും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവന്‍ എല്ലാവരോടും വളരെ സൗഹാര്‍ദ്ദത്തോടെ ഇടപെടുന്ന ആളായിരുന്നു. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുര്‍കിരാത് ഉജ്ജയിനിയിലെ കാര്‍മല്‍ കോണ്‍വെന്റ് വിദ്യാലയത്തിലെ പഠനത്തിന് ശേഷം വിക്രം സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ബിരുദാനന്തരബിരുദ പഠനത്തിനായാണ് കാനഡയിലേക്ക് പോയത്. കാനഡയിലെ നോര്‍ത്തേണ്‍ ലൈറ്റ് കോളജിലായിരുന്നു പഠനം. ഇനി അഞ്ചാറ് മാസം കൂടിയേ പഠനം തീരാനുണ്ടായിരുന്നുള്ളൂ.
സംഭവം കൊലപാതകമായതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനും അന്വേഷണത്തിനും ശേഷമേ കാനഡയിലെ പോലിസ് മൃതദേഹം കൈമാറൂ എന്ന് അയല്‍വാസിയായ അഭിലാഷ് ജെയിന്‍ പറഞ്ഞു. അത് കൊണ്ട് തന്നെ മൃതദേഹം ഇന്ത്യയിലെത്താന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടി വരും. പന്ത്രണ്ട് പേരടങ്ങുന്ന ഒരുസംഘം വിദ്യാര്‍ഥികള്‍ ഗുര്‍കിരാതിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒരു കാറില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
