ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്: ഹിന്ദുത്വ വിഡ്ഢിത്തങ്ങള്‍ക്കെതിരേ സംഘാടകര്‍

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളാണെന്നും മിസൈല്‍ ടെക്‌നോളജി തുടങ്ങി വിഷയങ്ങളില്‍ ഭാരതത്തിലുള്ളവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ അവഗാഹം നേടിയിരുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരേയാണ് സംഘാടകര്‍ രംഗത്തെത്തിയത്.

Update: 2019-01-07 06:34 GMT

ജലന്തര്‍: 106ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ സംഘപരിവാര്‍ അനുഭാവികള്‍ അവതരിപ്പിച്ച വിഡ്ഡിത്തങ്ങള്‍ക്കെതിരേ സംഘാടകര്‍. കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളാണെന്നും മിസൈല്‍ ടെക്‌നോളജി തുടങ്ങി വിഷയങ്ങളില്‍ ഭാരതത്തിലുള്ളവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ അവഗാഹം നേടിയിരുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരേയാണ് ശാസത്ര കോണ്‍ഗ്രസ് സംഘാടകര്‍ തന്നെ രംഗത്തെത്തിയത്. ലക്ഷ്യത്തെ പിന്തുടര്‍ന്ന് പ്രഹരം ഏല്‍പ്പിച്ചു മടങ്ങിയെത്തുന്ന ആയുധങ്ങള്‍ ശ്രീരാമന്‍ ഉപയോഗിച്ചിരുന്നുവെന്നും 24 തരം വിമാനങ്ങളാണ് രാവണന്‍ ഉപയോഗിച്ചിരുന്നുവെന്നും ആന്ധ്ര സര്‍വകലാശാലാ വൈസ്ചാന്‍സ്‌ലര്‍ നാഗേശ്വര റാവു അടക്കമുള്ളവര്‍ ഇന്ത്യന്‍ ശാസത്ര കോണ്‍ഗ്രസില്‍ പറഞ്ഞിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടനും ഭൗതിക ശാസ്ത്രത്തെ കുറിച്ച് അറിവില്ലെന്നായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള കണ്ണന്‍ ജഗതല കൃഷ്ണന്‍ എന്നയാളുടെ പ്രസംഗം. ഇത്തരം പ്രസ്താവനകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും അടുത്ത വര്‍ഷമെങ്കിലും ഇത്തരം വിഡ്ഡികള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നു ഉറപ്പു വരുത്തുമെന്നും സംഘാടകര്‍ പറഞ്ഞു. ശാസത്രത്തിന്റെ യാതൊരു പിന്‍ബലവുമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ തന്നെ നടത്തിയതില്‍ നേരത്തേ തന്നെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിനു മുന്നിലും വിവിധ നഗരങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

Tags:    

Similar News