യുഎസിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ കാണാതായി
വാഷിങ്ടണ്‍: കഴിഞ്ഞയാഴ്ച ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സമുദ്രത്തില്‍ മുങ്ങിമരിച്ചതായി കരുതുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ സ്ഥിര താമസക്കാരിയും ഇന്ത്യന്‍ പൗരയുമായ 20 കാരിയായ സുദീക്ഷ കൊണങ്കിയാണ് മറ്റ് ആറ് വിദ്യാര്‍ഥികളോടൊപ്പം താമസിച്ചിരുന്നത്. മാര്‍ച്ച് 5 ന് രാത്രി ഗ്രൂപ്പിലെ മറ്റുള്ളവര്‍ ഹോട്ടലിലേക്ക് മടങ്ങിയപ്പോള്‍ വിദ്യാര്‍ഥിനിയും മറ്റൊരാളും ബീച്ചില്‍ താമസിച്ചുവെന്ന് എബിസി ന്യൂസ് ഉദ്ധരിച്ച പോലിസ് റിപ്പോര്‍ട്ട് പറയുന്നു.
സുദീക്ഷ കൊണങ്കി നിലവില്‍ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയില്‍ ജൂനിയറാണ്. യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതിന് മുമ്പ്, 2022 ല്‍ കൊണങ്കി തോമസ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂള്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയിരുന്നു. ബയോളജിക്കല്‍ സയന്‍സസില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.
മാര്‍ച്ച് 6 ന് പുലര്‍ച്ചെയാണ് അവര്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന റിസോര്‍ട്ടിനടുത്തുള്ള ഒരു ബീച്ചില്‍ അവരെ അവസാനമായി കണ്ടതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് പറഞ്ഞു. ഡൊമിനിക്കന്‍ നാഷണല്‍ എമര്‍ജന്‍സി സിസ്റ്റം അനുസരിച്ച്, വ്യാഴാഴ്ച പുലര്‍ച്ചെ പുണ്ട കാനയിലെ റിയു റിപ്പബ്ലിക്ക ഹോട്ടലിന്റെ കടല്‍ത്തീരത്താണ് സുദിക്ഷ കൊണങ്കിയെ അവസാനമായി കണ്ടത്.
