
അഡ്‌ലെയ്ഡ്: അറസ്റ്റ് ചെയ്യുന്നതിനിടെ പോലിസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍ വച്ച് അമര്‍ത്തിയ ഇന്ത്യന്‍ വംശജന്‍ മരണത്തിനു കീഴടങ്ങി. ഇന്ത്യന്‍ വംശജനായ ഗൗരവ് കന്റി(42)യാണ് കൊല്ലപ്പെട്ടത്. പോലിസ് ആക്രമണത്തില്‍ ഗൗരവിന്റെ തലച്ചോറ് പൂര്‍ണമായും തകര്‍ന്നതായി ഡോക്റ്റര്‍മാര്‍ അറിയിച്ചു. രണ്ടാഴ്ചയോളമായി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മേയ് 29 ന് പുലര്‍ച്ചെ റോയസ്റ്റണ്‍ പാര്‍ക്കിലെ പെയ്ന്‍ഹാം റോഡില്‍ വച്ചാണ് മോഡ്ബറി നോര്‍ത്തില്‍ നിന്നുള്ള ഗൗരവിനെ പോലിസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. മേജര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് മരണ കാരണവും സാഹചര്യവും അന്വേഷിച്ച് സ്റ്റേറ്റ് കോറോണര്‍ക്ക് റിപോര്‍ട്ട് നല്‍കും. സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ലിക് ഇന്റഗ്രിറ്റി ഓഫീസ് സ്വതന്ത്ര മേല്‍നോട്ടം വഹിക്കുമെന്നും പോലിസ് അറിയിച്ചു.
ഗൗരവിന്റെ ഭാര്യ അമൃത്പാല്‍ കൗര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ രണ്ടു പോലിസുകാര്‍ ചേര്‍ന്ന് ഗൗരവിനെ നിലത്തേയ്ക്ക് തള്ളിയിടുന്നത് കാണാം. ഒരു ഉദ്യോഗസ്ഥന്‍ ഗൗരവിന്റ കഴുത്തില്‍ കാല്‍ വച്ച് അമര്‍ത്തിയപ്പോള്‍ താന്‍ വീഡിയോ ചിത്രീകരണം നിര്‍ത്തിയെന്ന് കൗര്‍ പറഞ്ഞു.