ഇന്ത്യയുടെ കപ്പല്‍ പ്രതിരോധ മിസൈല്‍ 'ഐഎന്‍എസ് പ്രബല്‍' പരീക്ഷണം വിജയകരം

പരമാവധി ദൂരത്തില്‍ തൊടുത്തുവിട്ട മിസൈല്‍, അറബിക്കടലിലെ ലക്ഷ്യസ്ഥാനമായ പഴയ കപ്പല്‍ തകര്‍ത്തതായി നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. കപ്പല്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈല്‍ വളരെ ശക്തിയോടെ പറന്നുയരുന്നതും ലക്ഷ്യമിട്ട കപ്പലിനെ തകര്‍ക്കുന്നതും കൃത്യമായി കാണാം.

Update: 2020-10-23 10:41 GMT

ന്യൂഡല്‍ഹി: കപ്പലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നാവികസേനയുടെ മിസൈലായ 'ഐഎന്‍എസ് പ്രബല്‍' വിജയകരമായി പരീക്ഷിച്ചു. അറബിക്കടലിലാണ് നാവികസേന മിസൈല്‍ പരീക്ഷണം നടത്തിയത്. പരമാവധി ദൂരത്തില്‍ തൊടുത്തുവിട്ട മിസൈല്‍, അറബിക്കടലിലെ ലക്ഷ്യസ്ഥാനമായ പഴയ കപ്പല്‍ തകര്‍ത്തതായി നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. കപ്പല്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈല്‍ വളരെ ശക്തിയോടെ പറന്നുയരുന്നതും ലക്ഷ്യമിട്ട കപ്പലിനെ തകര്‍ക്കുന്നതും കൃത്യമായി കാണാം.

മിസൈല്‍ പതിച്ചതോടെ കപ്പല്‍ തകര്‍ന്ന് മുങ്ങിപ്പോവുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ ആധുനിക മിസൈല്‍ കപ്പലായ ഐഎന്‍എസ് പ്രബല്‍ മുംബൈയിലെ മസഗണ്‍ ഡോക്‌സ് ലിമിറ്റഡില്‍ നിര്‍മിച്ചതാണ്. സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ ഭാഗമാവുന്ന മിസൈല്‍ പൊതുമേഖലാ കമ്പനിയായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും (ബിഡിഎല്‍) മിസൈല്‍ കാരിയര്‍ നമിക മേഡക്കിലെ ഓര്‍ഡനന്‍സ് ഫാക്ടറിയും നിര്‍മിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

കഴിഞ്ഞദിവസം മൂന്നാം തലമുറയില്‍പെട്ട ടാങ്ക് വേധ മിസൈല്‍ നാഗിന്റെ അവസാനഘട്ട പരീക്ഷണം രാജസ്ഥാനിലെ പൊഖ്‌റാനില്‍ വിജയകരമായി നടത്തിയിരുന്നു. പകലും രാത്രിയും ശത്രുവിന്റെ യുദ്ധടാങ്കുകളെ ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് തദ്ദേശീയമായി വികസിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 6.45ന് പൊഖ്‌റാന്‍ മരുഭൂമിയിലെ ഫയര്‍ റേഞ്ചിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. നേരത്തെ പൊഖ്‌റാനില്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു.

അന്തര്‍വാഹിനി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നാവികസേനയുടെ അത്യാധുനിക യുദ്ധകപ്പല്‍ 'ഐഎന്‍എസ് കവരത്തി' ഇന്നലെ രാഷ്ട്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കപ്പലില്‍ നൂതന ആയുധങ്ങളും അന്തര്‍വാഹിനികളെ കണ്ടെത്താനുള്ള സെന്‍സര്‍ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. അന്തര്‍വാഹിനി ആക്രമണങ്ങളില്‍നിന്ന് സ്വയം പ്രതിരോധിക്കാനും ദീര്‍ഘദൂരത്തില്‍ വിന്യസിക്കാനും കപ്പലിന് ശേഷിയുണ്ട്.

Tags: