ശിക്ഷാ കാലാവധി പൂര്‍ത്തിയായി; മൂന്ന് പാക് തടവുകാരെ ഇന്ത്യ മോചിപ്പിച്ചു

Update: 2022-03-26 15:19 GMT

അമൃത്‌സര്‍: ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് മൂന്ന് പാകിസ്താന്‍ തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. മൂന്ന് തടവുകാരോടൊപ്പം ഒരു കുട്ടിയെയും പാകിസ്താനിലേക്ക് വിട്ടയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമീറ അബ്ദുര്‍റഹ്മാന്‍, അഹമ്മദ് രാജ, മുര്‍ത്തജ അസ്ഗര്‍ അലി എന്നിവരെയാണ് അമൃത്‌സറിലെ അട്ടാരി വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് തിരിച്ചയച്ചത്.

സമീറയുടെ മകളായ നാല് വയസ്സുള്ള സന ഫാത്തിമയാണ് ഇവര്‍ക്കൊപ്പമുള്ളത്. സമീറ ഗര്‍ഭിണിയായിരിക്കെ 2017 ല്‍ ബംഗളൂരുവില്‍നിന്നാണ് പിടിയിലായത്. അവര്‍ക്കും ഭര്‍ത്താവിനുമെതിരെ ബംഗളൂരുവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്നര വര്‍ഷത്തേക്കാണ് സമീറയെ ശിക്ഷിച്ചിരുന്നത്. ജയിലില്‍ വച്ചാണ് സമീറ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ശിക്ഷാ നടപടികള്‍ പൂര്‍ത്തിയായശേഷമാണ് ഇവരെ വിട്ടയത്- പ്രോട്ടോക്കോള്‍ ഓഫിസര്‍ അരുണ്‍പാല്‍ സിങ് പറഞ്ഞു. അതിര്‍ത്തി കടന്നെത്തിയ അഹമ്മദ് രാജയെ 21 മാസത്തെ തടവിന് ശേഷമാണ് പാകിസ്താനിലേക്ക് അയച്ചത്.

വിസയുമായി ഇന്ത്യയിലേക്ക് വന്ന മുര്‍ത്തജ അസ്ഗര്‍ അലിയെ അംബാലയ്ക്ക് സമീപമാണ് അറസ്റ്റിലായത്. അതേസമയം, പാകിസ്താനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ തിരിച്ചയക്കാന്‍ സഹായിച്ചതിന് സമീറ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറയുകയും കൂടുതല്‍ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ഞങ്ങളെ സഹായിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെപ്പോലെ കൂടുതല്‍ തടവുകാരെ മോചിപ്പിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു,' അവര്‍ പറഞ്ഞു.

Tags:    

Similar News