ഇന്ത്യ-പാക് സംഘര്‍ഷം; യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തിച്ചേരണം
നെടുമ്പാശ്ശേരി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ നേരത്തേ എത്തണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) അധികൃതര്‍ അറിയിച്ചു. വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ അഞ്ചുമണിക്കൂര്‍ മുമ്പും ആഭ്യന്തര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ എത്തണം.
സാധാരണയുള്ള പരിശോധനകള്‍ക്ക് പുറമെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് മറ്റൊരു പരിശോധനകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്രക്കാരോട് നേരത്തേ എത്തണമെന്ന് നിര്‍ദേശം നല്‍കിയത്.സുരക്ഷ ശക്തമാക്കിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും വാഹനങ്ങളും കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്.
എല്ലാ വിമാനങ്ങള്‍ക്കും സെക്കന്‍ഡറി ലാഡര്‍ പോയന്റ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും വിമാനത്താവളങ്ങളുടെ ടെര്‍മിനല്‍ കെട്ടിടങ്ങളില്‍ സന്ദര്‍ശകരെ വിലക്കിയതായും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അറിയിച്ചു. ഓപറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.