കര്‍ണാടകയില്‍ വ്യാപക റെയ്ഡ്: മോദിയുടെ പ്രതികാര രാഷ്ട്രീയനീക്കമെന്ന് കുമാരസ്വാമി

മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ വീട്ടിലും റെയ്ഡ് നടത്തി

Update: 2019-03-28 09:58 GMT
ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ് നേതാക്കളുടെ വസതിയിലും സ്ഥാപനങ്ങളിലും വ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി എസ് പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതി, പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്. മാത്രമല്ല മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ വീട്ടിലും റെയ്ഡ് നടത്തി. റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണ മോദിക്കു കൂട്ടുനില്‍ക്കുകയാണന്നും കുമാരസ്വാമി ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ ഉപദ്രവിക്കുന്നത് സഹജമാണന്നും കുമാരസ്വാമി പറഞ്ഞു. എന്നാല്‍ താന്‍ റെയ്ഡിനെ ഭയക്കുന്നില്ലന്നും മന്ത്രി പട്ടുരാജു പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇന്നു രാവിലെ ബെംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ ഒരേ സമയമത്ത് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.


Tags: