കൊവിഡ് വ്യാപനകേന്ദ്രമായി ഡല്‍ഹി; 24 മണിക്കൂറിനിടെ 28,395 കേസുകള്‍, 277 മരണം

Update: 2021-04-21 01:44 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28,395 പേര്‍ക്ക് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചതായാണ് കണക്ക്. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് ബാധയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 277 പേര്‍ ഒറ്റദിവസം ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയില്‍ ിതുവരെ 85,600 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. കേസ് പോസിറ്റീവിറ്റി നിരക്ക് ചൊവ്വാഴ്ച 32.82 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,526 കൊവിഡ് പരിശോധനകള്‍ നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

19,430 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും ആശുപത്രിയില്‍ കിടക്കകളുടെയും മരുന്നുകളുടെയും ഓക്‌സിജന്റെയും കുറവ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി കൂടുതല്‍ സഹായം കേന്ദ്രത്തില്‍നിന്നും നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആരോഗ്യമേഖല തകര്‍ച്ചയുടെ വക്കിലാണ്.

ആശുപത്രി കിടക്കകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയുടെ കടുത്തക്ഷാമം നഗരത്തിലുണ്ട്. ഡല്‍ഹിയിലെ ഓക്‌സിജന്റെ അവസ്ഥ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം സ്റ്റോക്കുകള്‍ എത്തിയില്ലെങ്കില്‍ ചില പ്രമുഖ ആശുപത്രികളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഓക്‌സിജന്‍ തീരും. ഡല്‍ഹിക്ക് അടിയന്തരമായി ഓക്‌സിജന്‍ നല്‍കണമെന്ന് കെജ്‌രിവാള്‍ വീണ്ടും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ചില ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഓക്‌സിജന്‍ ശേഷിക്കുന്നത് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Tags: