കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്

533 പേരിലാണ് ശനിയും ഞായറുമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ കൊവിഡ് പരിശോധന നടത്തിയത്. ആന്റിജന്‍ പരിശോധനയാണ് നടത്തിയത്.

Update: 2021-04-19 03:52 GMT

അഹമ്മദാബാദ്: ഹരിദ്വാറില്‍നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 533 പേരിലാണ് ശനിയും ഞായറുമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ കൊവിഡ് പരിശോധന നടത്തിയത്. ആന്റിജന്‍ പരിശോധനയാണ് നടത്തിയത്.
പോസിറ്റീവായവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഹരിദ്വാറില്‍നിന്ന് ട്രെയിനില്‍ സബര്‍മതിയില്‍ എത്തിയ 313 പേരെ പരിശോധിച്ചതില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 220 പേരെയാണ് പരിശോധിച്ചത്.

ഇതില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വൈറസ് പടരാതിരിക്കാന്‍ കുംഭമേളയില്‍ പങ്കെടുത്ത ശേഷം സംസ്ഥാനത്തേക്ക് മടങ്ങുന്നവര്‍ക്ക് അതത് നഗരങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ എല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരെ നിരീക്ഷിക്കാനും പരിശോധനകള്‍ക്ക് വിധേയരാവാതെ സ്വന്തം നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനും പ്രത്യേക സുരക്ഷാ പരിശോധന നടപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News