ബിഹാറില്‍ കാവഡ് യാത്രികരുടെ വാഹനം വൈദ്യുത തൂണില്‍ ഇടിച്ച് അപകടം; ഒമ്പത് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Update: 2024-08-05 05:59 GMT

പട്ന: ബിഹാറില്‍ കാവഡ് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് തീര്‍ഥാടകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുര്‍ മേഖലയിലാണ് അപകടം നടന്നത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഹാജിപുരിലെ സദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

വാഹനം ഹൈ ടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് വൈദ്യുതാഘാതമേറ്റത്. ജെതുയി നിസാമത്ത് ഗ്രാമത്തില്‍നിന്നുള്ള ഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സോന്‍പുര്‍ പഹ്ലേജ ഘട്ടില്‍നിന്ന് മടങ്ങുന്നവഴി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തിന് ഉയരം കൂടുതലായിരുന്നതിനാല്‍ ഹൈ ടെന്‍ഷന്‍ വയറില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നുവെന്ന് ഹാജിപുര്‍ സബ് ഡിവിഷണല്‍ പോലിസ് ഓഫീസര്‍ (എസ്.ഡി.പി.ഓ) ഓം പ്രകാശ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.