ഇമ്രാന്‍ ഖാന് അടിയന്തര ചികില്‍സ നല്‍കണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപില്‍ ദേവും ഗവാസ്‌കറും ഉള്‍പ്പെടെയുള്ള 14 ഇതിഹാസങ്ങള്‍
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന്റെ (73) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെ പാക് സര്‍ക്കാരിന് മേല്‍ രാജ്യാന്തര സമ്മര്‍ദ്ദം. ഇമ്രാന് അടിയന്തരമായി വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരുള്‍പ്പെടെ ലോക ക്രിക്കറ്റിലെ 14 മുന്‍ ക്യാപ്റ്റന്മാര്‍ ഒപ്പിട്ട നിവേദനം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറി.
പാകിസ്താനിലെ അദിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ചത്. മാസങ്ങളായി കാഴ്ച മങ്ങുന്നതിനെക്കുറിച്ച് ഇമ്രാന്‍ പരാതിപ്പെട്ടിരുന്നെങ്കിലും ജയില്‍ അധികൃതര്‍ അത് അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പാക് സുപ്രിം കോടതിയെ അറിയിച്ചു. നിലവില്‍ വെറും 15 ശതമാനം കാഴ്ച മാത്രമാണ് വലതു കണ്ണിനുള്ളത്.
ഇമ്രാന്‍ ഖാനൊപ്പം കളിച്ചവരും അദ്ദേഹത്തിന്റെ നേതൃപാടവത്തെ ബഹുമാനിക്കുന്നവരുമായ 14 നായകന്മാരാണ് പാക് പ്രധനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ഗ്രെഗ് ചാപ്പലാണ് മുന്‍ കളിക്കാരെ ചേര്‍ത്ത് നിവേദനം തയാറാക്കിയത്. ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ക്ക് പുറമെ ഇയാന്‍ ചാപ്പല്‍, അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, കിം ഹ്യൂസ്, ബെലിന്‍ഡ ക്ലര്‍ക്ക്, ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ ആതര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍, ഡേവിഡ് ഗവര്‍, മൈക്കല്‍ ബ്രിയര്‍ലി, വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് ന്യൂസിലന്‍ഡ് മുന്‍ താരം ജോണ്‍ റൈറ്റ് എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
രാഷ്ട്രീയത്തിന് അതീതമായി, ലോക ക്രിക്കറ്റിലെ ഒരു ഇതിഹാസ നായകനെന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ അന്തസ്സുള്ള പെരുമാറ്റവും മികച്ച ചികില്‍സയും അര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചശക്തി നശിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നും കത്തില്‍ പറയുന്നു. ഈ നിവേദനത്തില്‍ പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്മാര്‍ ആരും തന്നെ ഒപ്പിട്ടിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണകൂടത്തെ പിണക്കാനുള്ള ഭയമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. എങ്കിലും വസീം അക്രം, വഖാര്‍ യൂനിസ്, ഷാഹിദ് അഫ്രീദി എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇമ്രാന് ചികിത്സ നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ നിലവില്‍ 31 വര്‍ഷത്തെ തടവുശിക്ഷയാണ് അനുഭവിക്കുന്നത്. അദ്ദേഹം കഴിയുന്ന സെല്ലിനെ 'മരണ സെല്‍' എന്നാണ് മകന്‍ സുലൈമാന്‍ വിശേഷിപ്പിച്ചത്. കുടുംബാംഗങ്ങളെ കാണാനോ വ്യക്തിഗത ഡോക്ടര്‍മാരുടെ സേവനം തേടാനോ അദ്ദേഹത്തിന് അനുവാദമില്ലെന്നും പരാതിയുണ്ട്.

