ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രിംകോടതി
ന്യൂഡല്‍ഹി:പശ്ചിമ ബാംഗാളിലെ എസ്ഐആര്‍ നടപടികളില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ട്രിബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടുന്നവര്‍ക്ക് വോട്ട് ചെയ്യാമെന്ന് സുപ്രിംകോടതി. അപ്പീല്‍ ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് നിര്‍ദേശം. കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിര്‍ണ്ണായക ഉത്തരവ്.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടേതാണ് നിര്‍ണായക ഉത്തരവ്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കിയവര്‍ക്ക് ഏപ്രില്‍ 23 നും ഏപ്രില്‍ 29 നും നടക്കാനിരിക്കുന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ബംഗാളില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്ന ആരോപണമുയരുന്നതിനിടെയാണ് സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.
അപ്പീല്‍ ട്രിബ്യൂണലിന് ഏപ്രില്‍ 23നും ഏപ്രില്‍ 29നും മുമ്പ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിച്ചാല്‍ അനുകൂല ഉത്തരവുകളെ ഒരു സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറപ്പെടുവിച്ച് കൊണ്ട് പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. എന്നാല്‍ അനുകൂല വിധി നേടാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.