പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു; എംഎല്‍എയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്ത് മായാവതി

മധ്യപ്രദേശിലെ പത്താരിയയില്‍നിന്നുള്ള എംഎല്‍എ രമാഭായ് പരിഹാറിനെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ഡലത്തില്‍ നടന്ന പരിപാടിയ്ക്കിടെയാണ് രമാഭായ് പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്.

Update: 2019-12-29 11:03 GMT

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എംഎല്‍എയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്ത് ബിഎസ്പി അധ്യക്ഷ മായാവതി. മധ്യപ്രദേശിലെ പത്താരിയയില്‍നിന്നുള്ള എംഎല്‍എ രമാഭായ് പരിഹാറിനെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ഡലത്തില്‍ നടന്ന പരിപാടിയ്ക്കിടെയാണ് രമാഭായ് പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍ വേദിയിലിരിക്കുമ്പോഴായിരുന്നു ബിഎസ്പി എംഎല്‍എ വിവാദനിയമത്തെ പുകഴ്ത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന് സുഗമമായ പാത ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുകയാണെന്ന് അവര്‍ ചടങ്ങില്‍ പറഞ്ഞു. നേരത്തെ എടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനമായിരുന്നു.

എന്നാല്‍, മുമ്പ് അധികാരത്തിലുണ്ടായിരുന്നവര്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരായിരുന്നു. താനും തന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു. രമാഭായിയെ പാര്‍ട്ടിയുടെ എല്ലാ പരിപാടികളില്‍നിന്നും വിലക്കിയിട്ടുണ്ട്. ബിഎസ്പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അത് ലംഘിച്ചാല്‍ പാര്‍ട്ടിയുടെ എംപി, എംഎല്‍എ തുടങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മായാവതി ട്വിറ്ററില്‍ വ്യക്തമാക്കി. പൗരത്വ നിയമം ഭിന്നിപ്പുണ്ടാക്കുമെന്നും ഭരണഘടനയുടെ ധാര്‍മികതയ്‌ക്കെതിരാണെന്നും ആദ്യമായി പറഞ്ഞത് ബിഎസ്പിയാണ്. പാര്‍ലമെന്റില്‍ ബില്ലിനെതിരേ ഞങ്ങളുടെ പാര്‍ട്ടി വോട്ട് ചെയ്തു. അത് റദ്ദാക്കണമെന്ന് രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു. ഇതൊക്കെയാണെങ്കിലും രമാഭായ് നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചു.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് എംഎല്‍എയ്ക്ക് മുമ്പും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടിയെ ധിക്കരിച്ച് നിയമത്തെ അനുകൂലിച്ച് സംസാരിച്ച രമാഭായിയുടെ നിലപാട് ബിജെപി സ്വാഗതം ചെയ്തു. മധ്യപ്രദേശിലെനിരവധി രാഷ്ട്രീയക്കാര്‍ക്ക് സിഎഎ രാജ്യത്തിന് നല്ലതാണെന്ന് അറിയാം. പക്ഷേ, അവര്‍ സംസാരിക്കാന്‍ ധൈര്യപ്പെടുന്നില്ല. ഇപ്പോള്‍ അവരും പുറത്തുവന്ന് സംസാരിച്ചുതുടങ്ങുകയാണെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചു. 

Tags:    

Similar News