10, 12 ക്ലാസുകളിലേക്കുള്ള ഐസിഎസ്ഇ ബോര്‍ഡ് പരീക്ഷ മാറ്റി; പുതുക്കിയ തിയ്യതി ജൂണ്‍ ആദ്യവാരം

Update: 2021-04-16 14:30 GMT

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐസിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചു. രാജ്യത്ത് കൊവിഡ് രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തിയ്യതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐസിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഐസിഎസ്ഇ, ഐഎസ്‌സി 2021 പരീക്ഷകളുടെ മാറ്റിവയ്ക്കല്‍ അവലോകനം ചെയ്യുകയും 2021 ജൂണ്‍ ആദ്യവാരത്തോടെ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുകയും ചെയ്യും- ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ തീരുമാനം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ ഇതിനകം റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News