ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം
വളരെ കൃത്യതയോടെ മുങ്ങുന്ന കപ്പലിനെ മിസൈല്‍ തകര്‍ത്തതായി വ്യോമസേന അറിയിച്ചു. പഞ്ചാബിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന സുഖോയ് വിമാനം വായുവില്‍ ഇന്ധനം നിറച്ച ശേഷമാണ് പരീക്ഷണത്തിലേക്ക് കടന്നത്.
ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയാണ് സുഖോയ് യുദ്ധവിമാനത്തില്‍നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചത്. വളരെ കൃത്യതയോടെ മുങ്ങുന്ന കപ്പലിനെ മിസൈല്‍ തകര്‍ത്തതായി വ്യോമസേന അറിയിച്ചു. പഞ്ചാബിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന സുഖോയ് വിമാനം വായുവില്‍ ഇന്ധനം നിറച്ച ശേഷമാണ് പരീക്ഷണത്തിലേക്ക് കടന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
സുഖോയ്-30 എംകെഐ വിമാനം മൂന്നുമണിക്കൂറിലധികം സഞ്ചരിച്ചതിന് ശേഷമാണ് മിസൈല്‍ പ്രയോഗിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ വ്യോമസേന ആദ്യമായി സുഖോയ് -30 എംകെഐ യുദ്ധവിമാനത്തില്‍നിന്ന് ബ്രഹ്മോസ് മിസൈലിന്റെ വ്യോമപരീക്ഷണം വിജയകരമായി പരീക്ഷിച്ചിരുന്നു. കടലിലെയോ കരയിലെയോ ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് പകലും രാത്രിയിലും എല്ലാ കാലാവസ്ഥയിലും വളരെ കൃത്യതയോടെ ആക്രമിക്കാന്‍ ബ്രഹ്മോസ് മിസൈലുകള്‍ക്കാവുമെന്ന് വ്യോമസേന വിശദീകരിക്കുന്നു.
40 ഓളം സുഖോയ് യുദ്ധവിമാനങ്ങളിലാണ് വ്യോമസേന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിക്കുന്നത്. ഇത് സേനയുടെ മൊത്തത്തിലുള്ള പോരാട്ടശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 18ന് അറേബ്യന്‍ കടലില്‍ ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച സ്റ്റെല്‍ത്ത് ഡിസ്‌ട്രോയറില്‍നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യ-റഷ്യന്‍ സംയുക്തസംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് വഴിയാണ് അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനം, അല്ലെങ്കില്‍ തറനിരപ്പില്‍നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ തുടങ്ങിയ നിര്‍മിക്കുന്നത്.
