കെഎസ്ഇബിയിലേക്ക് വിളിച്ചറിയിച്ചെങ്കിലും മാറ്റിയില്ല'; ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധം

Update: 2025-07-18 07:48 GMT

മലപ്പുറം: നീരാട് ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധം. ഇന്നലെയാണ് പൊട്ടിയ വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റ് നീരാട് സ്വദേശി മുഹമ്മദ് ഷാ മരിച്ചത്. സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയിലേക്ക് വിളിച്ചറിയിച്ചെങ്കിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നീരാട് കെഎസ്ഇബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.

വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി രാജി വയ്ക്കണമെന്നും അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ കെഎസ്ഇബി ഓഫിസിന്റെ അകത്തേക്കു പ്രവേശിച്ചെങ്കിലും പോലിസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി.