ബിജെപിയുമായി ഭാവിയില്‍ സഖ്യ സാധ്യത തള്ളാനില്ലെന്ന് ഉദ്ധവ് താക്കറെ

Update: 2020-02-03 06:41 GMT

മുംബൈ: ബിജെപിയുമായി ഭാവിയില്‍ വീണ്ടും സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്‌നയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'അവരെന്നോട് കളവ് പറയാതിരിക്കുകയും വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയാവില്ലായിരുന്നു. തീരുമാനിച്ചതിനപ്പുറം ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധാര്‍മികമാണെന്ന ആരോപണത്തെ അദ്ദേഹം തള്ളി. 'ബിജെപി ശിവസേനയെ ധാര്‍മികത പഠിപ്പിക്കേണ്ട. ഫഡ്‌നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ ചേര്‍ക്കുകയല്ലേ ചെയ്തത്. ആശയപരമായ ഭിന്നതയുള്ളവര്‍ തന്നെയല്ലേ കേന്ദ്രത്തിലും സഖ്യമുണ്ടാക്കിയത്. നിതീഷ് കുമാര്‍ ബിജെപിയില്‍ നിന്ന് ഭിന്നമായി ചിന്തിക്കുന്നു, എന്നിട്ടും അവര്‍ ഒരുമിച്ചു. ചന്ദ്രബാബു നായിഡുവും അവര്‍ക്കൊപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ മമത ബാനര്‍ജിയും സഖ്യത്തിനൊപ്പമായിരുന്നില്ലേ. അവരുടെ ആശയങ്ങള്‍ യോജിക്കുന്നവയാണോ? കശ്മീരില്‍ വിഘടനവാദികളുമായി പോലും ചര്‍ച്ച ചെയ്തില്ലേയെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

    നേരത്തേ, 2020ലെ ബജറ്റിനെ ശിവസേന ബിജെപി സര്‍ക്കാരിന്റെ വാക്കുകളുടെ കളി എന്നാണ് പരിഹസിച്ചിരുന്നത്. സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശം അവസ്ഥയിലാണെന്നും സാമ്‌നയില്‍ കുറ്റപ്പെടുത്തിയിരുന്നു.