കൊവിഡ് പ്രതിരോധം: ഹൈഡ്രോക്‌സി ക്ലോറോക്വിന് പാര്‍ശ്വഫലങ്ങളുണ്ട്; മുന്നറിയിപ്പുമായി ഐസിഎംആര്‍

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുന്നു എന്നാണ് ഐസിഎംആര്‍ സര്‍വേയില്‍ വ്യക്തമായത്.

Update: 2020-04-19 10:23 GMT

ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കുന്നതിന് ഉപയോഗിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്നറിയിപ്പ്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാവുന്നതായി പുതുതായി നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് ഐസിഎംആര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുന്നു എന്നാണ് ഐസിഎംആര്‍ സര്‍വേയില്‍ വ്യക്തമായത്.

35 വയസ് പ്രായമുള്ളവര്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ 10 ശതമാനം ആളുകള്‍ക്ക് അടിവയറ്റില്‍ വേദനയും ആറുശതമാനം ആളുകള്‍ക്ക് ഓക്കാനവും 1.3 ശതമാനം ആളുകള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ എന്നിവയുമുണ്ടാവുന്നതായി സര്‍വേയില്‍ വ്യക്തമായെന്ന് ഐസിഎംആര്‍ എപ്പിഡമിയോളജി ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് തലവന്‍ ഡോ. രാമന്‍ ആര്‍ ഗംഗാകേദ്ഖര്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ കാണിക്കുന്ന 22 ശതമാനം ആളുകള്‍ക്കും പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദം പോലുള്ള പ്രശ്‌നങ്ങളുണ്ടെന്നും ഇവര്‍ മുന്‍കരുതലെന്ന രീതിയില്‍ എച്ച്‌സിക്യു എടുത്തിരുന്നതാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ പോലും ഡോക്ടര്‍മാരുമായി ശരിയായ കൂടിയാലോചിച്ചശേഷമായിരിക്കണം മരുന്ന് കഴിക്കേണ്ടത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ഭേദമാക്കുന്നതിന് എത്രമാത്രം അനുയോജ്യമാണെന്ന് കണ്ടെത്തുന്നതിനായി ഐസിഎംആര്‍ പ്രത്യേക പഠനത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. 480 ഓളം രോഗികളിലാണ് പഠനം നടത്തുന്നത്. എട്ടാഴ്ചകൊണ്ട് ഇത് പൂര്‍ത്തിയാവും. രോഗപ്രതിരോധത്തിനും രോഗമുക്തിക്കും മലേറിയ മരുന്ന് ഫലപ്രദമാണോയെന്നറിയാന്‍ എയിംസിന്റെ നേതൃത്വത്തിലും പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരേ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പ്രതിരോധമരുന്നായി ഉപയോഗിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിരുന്നു.

അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളില്‍ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആര്‍ കര്‍മസമിതിയുടെ ശുപാര്‍ശയാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചത്. രോഗലക്ഷണങ്ങളില്ലാത്തവരും എന്നാല്‍, വൈറസ് പിടിപെടാന്‍ അതീവസാധ്യതയുള്ളവരുമായ ആളുകളില്‍ മുന്‍കരുതലെന്ന നിലയില്‍ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. അതായത്, കൊവിഡ് രോഗികളല്ല, മറിച്ച് രോഗസാധ്യതയുള്ളവരില്‍ പ്രതിരോധമരുന്നായാവും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുക. 

Tags:    

Similar News