ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടല്‍: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ

രേഖാമൂലമുള്ള ഭരണഘടനയും നീതിന്യായവ്യവസ്ഥയും നമ്മുടെ രാജ്യത്തുണ്ട്. നിയമനടപടികളിലൂടെ മാത്രമേ ഏത് പ്രതിയെയും ശിക്ഷിക്കാന്‍ കഴിയൂ.

Update: 2019-12-07 06:10 GMT

ന്യൂഡല്‍ഹി: നിയമവാഴ്ചയെ ധിക്കരിച്ച് തെരുവുനീതി നടപ്പാക്കാന്‍ താല്‍പര്യമുള്ളവരെ പ്രീതിപ്പെടുത്തുന്നതിനായി നാല് ബലാല്‍സംഗ കുറ്റാരോപിതരെ കൊലപ്പെടുത്തിയ ഹൈദരാബാദ് പോലിസ് നടപടിയെ എന്‍സിഎച്ച്ആര്‍ഒ ശക്തമായി അപലപിച്ചു. രേഖാമൂലമുള്ള ഭരണഘടനയും നീതിന്യായവ്യവസ്ഥയും നമ്മുടെ രാജ്യത്തുണ്ട്. നിയമനടപടികളിലൂടെ മാത്രമേ ഏത് പ്രതിയെയും ശിക്ഷിക്കാന്‍ കഴിയൂ. കഴിഞ്ഞ ദിവസം നടത്തിയ വ്യാജ ഏറ്റുമുട്ടലിലൂടെ ഹൈദരാബാദ് പോലിസ്, സൂപ്പര്‍ പോലിസുകാരെപ്പോലെ പ്രവര്‍ത്തിക്കുകയും നമ്മുടെ ജനാധിപത്യവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. 'വനിതാ സംരക്ഷണം' എന്ന പേരില്‍ സംസ്ഥാനം 'ഡെത്ത് സ്‌ക്വാഡു'കളെ പ്രോല്‍സാഹിപ്പിക്കുകയാണ്.

പോലിസിന്റെ തിരക്കഥയില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. കസ്റ്റഡിയിലെടുത്ത് ഏകദേശം ഒരാഴ്ചയ്ക്കുശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളുമായി കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്താന്‍ പോലിസ് തീരുമാനിക്കുന്നത്. 50 പോലിസുകാരുടെ അകമ്പടിയോടെയാണ് പ്രതികളെ കൈവിലങ്ങണിയിച്ച് കൊണ്ടുവന്നത്. പതിവുപോലെ വെടിവയ്പില്‍ ഒരു പോലിസുകാരനും പരിക്കേറ്റിട്ടില്ല. അധികാരകേന്ദ്രങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി തെലങ്കാന പോലിസ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഇതാദ്യമല്ല. കൊലപാതകത്തില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും എന്‍സിഎച്ച്ആര്‍ഒ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

Tags:    

Similar News