മതവികാരം വ്രണപ്പെടുത്തി; ജാട്ട് സിനിമയിലെ 22 ഭാഗങ്ങള്‍ കട്ട് ചെയ്തു; ക്ഷമാപണം നടത്തി സണ്ണി ഡിയോളം രണ്‍ദീപ് ഹൂഡയും

Update: 2025-04-19 08:34 GMT

മുംബൈ: ജാട്ട് എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചത് വിവാദമായിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്മാരായ സണ്ണി ഡിയോള്‍, രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിങ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ഇപ്പോഴിതാ, നിര്‍മാതാക്കള്‍ ക്ഷമാപണം നടത്തുകയും സിനിമയില്‍ നിന്ന് വിവാദ രംഗം നീക്കം ചെയ്യുകയും ചെയ്തിരിക്കുകയാണ്.

'ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. അതില്‍ ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു, സിനിമയില്‍ നിന്ന് ആ രംഗം നീക്കം ചെയ്യാന്‍ ഉടനടി നടപടി സ്വീകരിച്ചു. വിശ്വാസം വ്രണപ്പെട്ട എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു' -ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വികല്‍പ് ഗോള്‍ഡ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലന്ധറിലെ സദര്‍ പോലിസ് സ്റ്റേഷനില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയില്‍ യേശുക്രിസ്തുവിനോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് പോലിസ് കമീഷണറുടെ ഓഫിസിന് പുറത്ത് ക്രിസ്ത്യന്‍ സമുദായത്തിലെ അംഗങ്ങള്‍ പ്രതിഷേധം നടത്തി. കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഒരു നിവേദനവും സമര്‍പ്പിച്ചു.

സിനിമയിലെ ഒരു കുരിശുമരണ രംഗം യേശുക്രിസ്തുവിനെ അനുകരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ടെന്നും അതുവഴി ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നുണ്ടെന്നും പരാതിയില്‍ ആരോപിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) നേരത്തെ ചിത്രത്തില്‍ 22 ഇടത്ത് മാറ്റം വരുത്തിയിരുന്നു.






Tags: