ഒഡീഷയില്‍ വിവിധ ജില്ലകളിലായി വന്‍ സ്വര്‍ണശേഖരം; കണ്ടെത്തിയത് 20 ടണ്‍ സ്വര്‍ണ നിക്ഷേപം

Update: 2025-08-17 10:42 GMT

ഭുവനേശ്വര്‍:ഒഡീഷയിലെ വിവിധ ജില്ലകളിലായി 20 ടണ്‍ സ്വര്‍ണ നിക്ഷേപമുള്ളതായി കണ്ടെത്തി. അടുത്തിടെ നടത്തിയ പഠനത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വര്‍ണം ഖനനം ചെയ്‌തെടുക്കുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള നടപടികള്‍ ഉടനടി ആരംഭിക്കും. ഡിയോഗഡ്(അഡാസ-രാംപള്ളി), സുന്ദര്‍ഗഡ്,നബറങ്പുര്‍, കിയോഞ്ജ്ഹരല്‍, അങ്കുല്‍, കോറാപുത് എന്നിവിടങ്ങളിലാണ് സ്വര്‍ണം ഉള്ളതായി കണ്ടെത്തിയത്.

മയൂര്‍ഭഞ്ജ്, മാല്‍ക്കാന്‍ഗിരി, സാമ്പല്‍പുര്‍, ബൗധ് എന്നിവിടങ്ങളില്‍ ഭൂമി തുരത്തുള്ള പഠനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 700 മുതല്‍ 800 മെട്രിക് ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020ലെ കണക്കെടുത്താല്‍ വെറും 1.6 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ഒഡീഷയില്‍ വന്‍ ശേഖരം കണ്ടെത്തിയത് ഇന്ത്യയുടെ സ്വര്‍ണവിപണിക്ക് മുതല്‍ക്കൂട്ടായിരിക്കും. സ്വര്‍ണ ശേഖരം കണ്ടെത്തിയ പ്രദേശങ്ങളില്‍ തൊഴില്‍, നിക്ഷേപം, ഖനനം, ഗതാഗതം, പ്രാദേശിക സേവനം തുടങ്ങി നിരവധി മേഖലകളില്‍ വന്‍ വികസനം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.