പ്രണയവിവാഹത്തിന് പിന്നാലെ ദുരഭിമാനക്കൊല; മകളെ കൊന്ന പിതാവ് പിടിയില്‍, പ്രതികളെ സഹായിച്ച സി ഐക്ക് സസ്‌പെന്‍ഷന്‍

Update: 2026-04-05 15:39 GMT

അമരാവതി:പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ 22 വയസ്സുകാരിയെ സ്വന്തം പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മാച്ചര്‍ല സ്വദേശിനിയായ ചൗഡേശ്വരിയാണ് ക്രൂരമായ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളെ സഹായിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 4-നാണ് വീട്ടുകാരുടെ സമ്മതമില്ലാതെ ചൗഡേശ്വരി തന്റെ കാമുകനെ വിവാഹം കഴിച്ചത്. ഇതിനെതിരെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ്, മാര്‍ച്ച് 15-ന് ദമ്പതികളെ കണ്ടെത്തി. എന്നാല്‍, നിയമപരമായ നടപടികള്‍ പാലിക്കുന്നതിന് പകരം മാച്ചര്‍ല ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധപൂര്‍വ്വം മാതാപിതാക്കളുടെ കൂടെ അയക്കുകയുമായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തി മൂന്നാം ദിവസമാണ് ചൗഡേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമം. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പോലിസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഇതോടെയാണ് പോലിസ് മാതാപിതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

ഈ കൊലപാതക കേസില്‍ ഏറ്റവും ഗൗരവകരമായ കണ്ടെത്തല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പങ്കാണ്. പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി കൊലപാതക വിവരം മറച്ചുവെക്കാനും പ്രതികളെ സംരക്ഷിക്കാനും ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. യുവതിയെ നിര്‍ബന്ധപൂര്‍വ്വം മരണത്തിലേക്ക് തള്ളിവിട്ട വീട്ടുകാര്‍ക്കൊപ്പം അയച്ചതും ഇതേ ഉദ്യോഗസ്ഥനാണ്. ഇയാളെ നിലവില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ സി.ഐക്കെതിരെ കടുത്ത ക്രിമിനല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.