ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ഹിസ്ബ് കമാൻഡർ കൊല്ലപ്പെട്ടു
സൈഫുല്ല തെക്കന്‍ കശ്മീരില്‍ നിന്നും ശ്രീനഗറില്‍ എത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സേന അവിടെ എത്തിയത്
ശ്രീനഗർ: ശ്രീനഗറില്‍ സായുധരും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുൽ മുഹാജിദീന്‍ നേതാവ് സൈഫുല്ല കൊല്ലപ്പെട്ടു. ഭീകരവാദത്തിനെതിരേ നടന്ന വലിയ വിജയമെന്നാണ് ഞായറാഴ്ച്ച നടന്ന സംഭവത്തെ അധികൃതര്‍ വിശേഷിപ്പിച്ചത്.
കഴിഞ്ഞ മെയ് മാസം നടന്ന ഏറ്റുമുട്ടലില്‍ റിയാസ് നായിക് കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൊല്ലപ്പെട്ട സൈഫുല്ല ഹിസ്ബുള്‍ മുഹാജിദീന്റെ പ്രധാന കമാന്‍ഡറായതെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. ഏറ്റുമുട്ടല്‍ വിജയമായിരുന്നെന്നാണ് കശ്മീര്‍ പോലിസ് ചീഫ് ദില്‍ ബഗ് സിങ് പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
നടന്നത് ഒരു ചെറിയ കാര്യമല്ലെന്നും ഇത് സെക്യൂരിറ്റി ഫോഴ്‌സിനും പോലിസ് സേനയ്ക്കും വലിയ വിജയമാണെന്ന്, സീനയര്‍ പോലിസ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു. സൈഫുല്ല തെക്കന്‍ കശ്മീരില്‍ നിന്നും ശ്രീനഗറില്‍ എത്തിയിട്ടുണ്ടെന്നും അവിടെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സേന അവിടെ എത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടത് 95 ശതമാനവും സൈഫുല്ലയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
