ബ്രിട്ടീഷ് ഭരണം ആഘോഷിച്ച് ഹിന്ദുത്വ സംഘടന

വിക്ടോറിയ രാജ്ഞിയുടെ 118ാം ചരമ വാര്‍ഷിക ദിനമായ ഇന്നാണ് ഹിന്ദുത്വ സംഘടനയായ ഹിന്ദു സേന രാജ്യ തലസ്ഥാനത്ത് ബ്രിട്ടീഷ് ഭരണത്തെ മഹത്വ വത്കരിച്ച് പരിപാടി നടത്തിയത്.

Update: 2019-01-22 12:32 GMT

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ആഘോഷിച്ച് ഹിന്ദുത്വ സംഘടന. വിക്ടോറിയ രാജ്ഞിയുടെ 118ാം ചരമ വാര്‍ഷിക ദിനമായ ഇന്നാണ്  ഹിന്ദുത്വ സംഘടനയായ ഹിന്ദു സേന രാജ്യ തലസ്ഥാനത്ത് ബ്രിട്ടീഷ് ഭരണത്തെ മഹത്വ വത്കരിച്ച് പരിപാടി നടത്തിയത്. ഇന്ത്യയെ വിദേശ ഇസ്ലാമിക ഭരണാധികാരികളില്‍ നിന്നു രക്ഷിക്കാന്‍ ബ്രിട്ടീഷുകാര്‍ സഹായം ചെയ്തു എന്നാണ് ഹിന്ദു സേന പറയുന്നത്. 1857ല്‍ നടന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരമെന്നും ഹിന്ദുത്വ സംഘടന പറഞ്ഞു. ഇന്ന് ഉച്ചയോടെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എഴുപതോളം പേര്‍ പങ്കെടുത്തുവെന്ന് ഹിന്ദു സേന ദേശീയ വൈസ് പ്രസിഡന്റ് സുര്‍ജിത് യാദവ് തേജസ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റ്, ജുഡീഷ്യറി, ഇന്ത്യന്‍ ആര്‍മി, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്, റെയില്‍ വേ, തപാല്‍ സര്‍വ്വീസ്, ലോ എന്നിവ ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. അതിനാലാണ് വിക്ടോറിയ രാജ്ഞിയുടെ ചരമ വാര്‍ഷികത്തില്‍ സംഘടന ആദരാഞ്ജലി അര്‍പ്പിക്കുന്നതെന്നും ഹിന്ദു സേന നേതാക്കള്‍ പറഞ്ഞു. 100 കണക്കിന് നാട്ടു രാജ്യങ്ങളായിരുന്ന ഇന്ത്യയെ ഒരു കുടക്കീഴില്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്നത് വിക്ടോറിയ രാജ്ഞിയുടെ കീഴില്‍ ബ്രിട്ടീഷുകാരാണെന്നും സംഘപരിവാര്‍ അഭിമാനം കൊള്ളുന്നുണ്ട്.

ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യക്കാര്‍ ഒത്തൊരുമിച്ച് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഏര്‍പ്പെട്ടപ്പോഴെല്ലാം ഒറ്റുകൊടുക്കുകയോ മാറിനില്‍ക്കുകയോ ചെയ്യുന്ന സമീപനമാണ് സംഘപരിവാര സംഘടനകള്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. എന്നാല്‍, അത് അംഗീകരിക്കാന്‍ പൊതുവേ സംഘപരിവാര സംഘടനകള്‍ തയ്യാറാകാറില്ല. അതില്‍ നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷ് അധിനിവേശത്തെ ആഘോഷിക്കുകയാണ് ഇപ്പോള്‍ ഹിന്ദു സേന ചെയ്തിരിക്കുന്നത്. 

Tags: