ഡെറാഡൂണിലെ ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണം; നടന്നത് ക്രൂര മര്‍ദ്ദനം: സഹോദരന്‍

Update: 2025-12-29 11:00 GMT

ഡെറാഡൂണ്‍: ആഞ്ചല്‍ ചക്്മയെ ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത് അതിക്രൂരമായി.ഡെറാഡൂണില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ കൊടും മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ത്രിപുരയില്‍ നിന്നുള്ള എം.ബി.എ വിദ്യാര്‍ഥിയുടെ സഹോദരനാണ് കൊടും ക്രൂരത വിവരിക്കുന്നത്. പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ നന്ദനഗര്‍ നിവാസിയായ 24 കാരനായ ആഞ്ചല്‍ ചക്മ, 17 ദിവസം ഡെറാഡൂണിലെ ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷം ഡിസംബര്‍ 26ന് മരണമടഞ്ഞിരുന്നു. ഒരു സംഘം പേര്‍ മൂര്‍ച്ചയുള്ള വസ്തുക്കളും മെറ്റല്‍ ചെയ്‌നും ഉപയോഗിച്ച് തലക്കും പുറകിലും ഗുരുതരമായി മര്‍ദിച്ചുവെന്നാണ് പോലിസ് പറയുന്നത്. ഡിസംബര്‍ 9 ന് സെലാകുയി പ്രദേശത്താണ് സംഭവം.

തിങ്കളാഴ്ച പുറത്തുവന്ന ഒരു വിഡിയോയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ആഞ്ചലിന്റെ ഇളയ സഹോദരന്‍ മൈക്ക്ള്‍ വിവരിക്കുന്നു. 'ഞാനും എന്റെ സഹോദരനും ഞങ്ങളുടെ രണ്ട് സുഹൃത്തുക്കളും സാധനങ്ങള്‍ എടുക്കാന്‍ പോയതായിരുന്നു. അവിടെ എത്തിയപ്പോള്‍ ഒരു കൂട്ടം ആളുകളെ കണ്ടു. അവര്‍ മദ്യപിച്ചിരുന്നു. ഞങ്ങള്‍ ബൈക്കുകളില്‍ മടങ്ങാനൊരുങ്ങുമ്പോള്‍ അവരെന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്നെ 'ചിങ്കി' എന്ന് വിളിക്കുകയും പരിഹസിക്കുകയും ചെയ്തു'. ('ചിങ്കി' എന്നത് ചൈനീസ് അല്ലെങ്കില്‍ കിഴക്കനേഷ്യന്‍ വംശജരെ ലക്ഷ്യം വെച്ചുള്ള നിന്ദ്യമായ വംശീയ അധിക്ഷേപമാണ്).

'എന്തിനാണ് എന്നെ ഇങ്ങനെ അധിക്ഷേപിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ആക്രമിച്ചു. അവര്‍ കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് എനിക്കറിയില്ല. അവരെന്നെ നേരിട്ട് ആക്രമിച്ചു. ഒരു ലോഹച്ചെയ്ന്‍ വീശി അടിക്കാന്‍ തുടങ്ങി. രക്ഷിക്കാന്‍ വന്ന സഹോദരന്റെ നട്ടെല്ലിനരികില്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തി. അവിടെ നിന്നും അദ്ദേഹത്തെ ഐ.സിയുവിലേക്കാണ് കൊണ്ടുപോയത്' - മൈക്ക്ള്‍ വിവരിച്ചു.

വിഡിയോയില്‍ അവന്റെ തലയിലെ പരിക്കുകളും കാണാം. കുടുംബത്തിനൊപ്പം പരാതി നല്‍കാന്‍ പോലിസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറില്‍വെച്ച് വിഡിയോ റെക്കോര്‍ഡുചെയ്തത്. ആഞ്ചല്‍ ചക്മയുടെ പിതാവും വാഹനത്തിലുണ്ടായിരുന്നു. 'ഡെറാഡൂണിലെ ആഞ്ചല്‍ ചക്മക്കും സഹോദരന്‍ മൈക്ക്‌ളിനും നേര്‍ക്കുണ്ടായത് ഭയാനകമായ വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെടുന്നില്ല. ദിനംപ്രതി, പ്രത്യേകിച്ച് നമ്മുടെ യുവാക്കളില്‍ വിഷലിപ്തമായ ഉള്ളടക്കത്തിലൂടെയും നിരുത്തരവാദപരമായ വിവരണങ്ങളിലൂടെയും വര്‍ഷങ്ങളായി ഇത് പോഷിപ്പിക്കപ്പെടുന്നു. ഭരണകക്ഷിയായ ബി.ജെ.പിയുടെ വിദ്വേഷം വമിപ്പിക്കുന്ന നേതൃത്വം ഇത് സാധാരണവല്‍ക്കരിക്കുന്നു' എന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിക്കുകയുണ്ടായി.

'ഭയത്തിലും ദുരുപയോഗത്തിലുമല്ല. ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. സ്‌നേഹത്തിന്റെയും വൈവിധ്യത്തിന്റെയും രാജ്യമാണ് നമ്മുടേത്. സഹ ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന സമയത്ത് തിരിഞ്ഞുനോക്കാത്ത നിര്‍ജീവ സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എന്തായിത്തീരുന്നുവെന്ന് നാം ചിന്തിക്കുകയും നേരിടുകയും വേണം -രാഹുല്‍ കൂട്ടിച്ചേര്‍ത്തു.






Tags: