ഹിമാചലിലെ മേഘവിസ്‌ഫോടനം: കാണാതായവര്‍ 45 പേര്‍; ആറ് ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്

Update: 2024-08-02 10:56 GMT

ഷിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായ 45 പേരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തില്‍ രക്ഷാപ്രവര്‍ത്തകര്‍. മണ്ഡി, ഷിംല, കുള്ളു ജില്ലകളിലാണ് വ്യാഴാഴ്ച മേഘവിസ്‌ഫോടനം ഉണ്ടായത്. ആകെ അഞ്ചുപേര്‍ മരിച്ചു. ഇന്നു മേഖലയില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കാംഗ്ര, കുള്ളു, മണ്ഡി മേഖലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ കാംഗ്ര, കുള്ളു, മണ്ഡി, ഷിംല, ചമ്പ, സിര്‍മൗര്‍ ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുള്ളു ജില്ലയിലെ മലാന 2 എന്ന വൈദ്യുത പദ്ധതി പ്രദേശത്തു കുടുങ്ങിയ 33 പേരില്‍ 29 പേരെ ഇന്നലെ രാത്രി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. ബാക്കിയുള്ളവരെ ഇന്നു രാവിലെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. ഷിംലയിലെ ശ്രീകണ്ഡ് മഹാദേവിന് അടുത്തുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് സര്‍പാര, ഗന്‍വി, കുര്‍ബാന്‍ നല്ലാഹ്കളില്‍ മിന്നല്‍പ്രളയം ഉണ്ടായത് സമേജ് മേഖലയിലാണ് കനത്ത നാശനഷ്ടം വരുത്തിവച്ചത്.

ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിആര്‍എഫ്) രണ്ടു സംഘത്തെക്കൂടി അധികമായി കേന്ദ്രം വിട്ടുവെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായും സംസാരിച്ചെന്നും സുഖു കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.




Tags: