ഹിജാബ് നിരോധനം: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും; ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

Update: 2022-02-10 19:13 GMT

ബംഗളൂരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് കര്‍ണാടകയില്‍ അടച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കും. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. 11ഉം അതിന് മുകളിലുള്ള ക്ലാസുകളിലേക്കുമുള്ള സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാവും. കോളജുകള്‍ രണ്ടാം ഘട്ടമായി തുറക്കും. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ബൊമ്മൈ എല്ലാ മന്ത്രിമാരുമായും ഫെബ്രുവരി 11 ന് വൈകുന്നേരം 5 മണിക്ക് യോഗം ചേരും.

ജില്ലാ കലക്ടര്‍മാര്‍ക്കൊപ്പം പോലിസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അന്തിമ ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരേ വിവിധ വിദ്യാര്‍ഥിനികളും സംഘടനകളും നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഫെബ്രുവരി 14ലേക്ക് മാറ്റുകയായിരുന്നു. ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതച്ചും വരരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

അന്തിമ ഉത്തരവ് വരുന്നതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുത്, സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള ഒരുനീക്കവും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ബംഗളൂരു നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്കാണ് അടച്ചിട്ടിരുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധപ്രകടനങ്ങളും സര്‍ക്കാര്‍ വിലക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമോഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഉച്ചകഴിഞ്ഞ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ പരിഗണിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.

Tags:    

Similar News